ജൈവസാങ്കേതികവിദ്യയുടെ വാണിജ്യവല്‍ക്കരണം ചര്‍ച്ചചെയ്യാന്‍‌ സംരംഭക സംഗമം

222

തിരുവനന്തപുരം: ജൈവസാങ്കേതിക വ്യവസായങ്ങളേയും സംരംഭകരേയും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൈവസംരംഭക സംഗമം വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ശാസ്ത്രശാഖകളെ ഉള്‍പ്പെടുത്തി എല്ലാ മേഖലകളിലും സമഗ്രവികസനത്തിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെഎസ്ഐഡിസി നടത്തുന്ന ഇത്തരം പരിപാടികള്‍ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ഐഡിസിയുടെ ഇന്‍കുബേഷന്‍ സെന്ററിനെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഇന്‍കുബേഷന്‍ സെന്ററായി അംഗീകരിച്ചത് ഈ നടപടികള്‍ക്ക് പ്രോല്‍സാഹനമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (ബിഐആർഎസി) മിഷൻ ഡയറക്ടർ ഡോ. ശീർഷേന്ദു മുഖർജി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) പോൾ ആന്റണി, കെഎസ്‌ഐഡിസി എംഡി ഡോ.എം.ബീന, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജ്യോതികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംരംഭങ്ങൾ തുടങ്ങുന്നതിന് ഇന്ത്യ ഏറെ അനുയോജ്യമാണെങ്കിലും സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തരണംചെയ്യേണ്ട വെല്ലുവിളിയായി അവശേഷിക്കുകയാണ്. സാങ്കേതിക വിദ്യകളുടെ വാണിജ്യവൽക്കരണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റിയായിരുന്നു സംഗമം പ്രധാനമായും ചര്‍ച്ച ചെയ്തത്. ജൈവസാങ്കേതിക രംഗത്തെ വിദഗ്ദ്ധർ, സ്റ്റാർട്ടപ്പ് കമ്പനികൾ, ജൈവസാങ്കേതിക സ്ഥാപനങ്ങളുടെ മേധാവിമാർ, പണ്ഡിതർ തുടങ്ങിയവരുടെ കൂടിച്ചേരൽകൂടിയായിരുന്നു ഈ സംഗമം. ജൈവ സാങ്കേതിക- ജീവശാസ്ത്ര മേഖലയിൽ സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണത്തിൽ തൽപരരായ ഗവേഷകർ, ശാസ്ത്രജ്ഞർ, വിദ്യാർഥികൾ, സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങിയവർക്ക് സംഗമം ഏറെ സഹായകമായി മാറി.
ശാസ്ത്ര-സാങ്കേതിക സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കുന്നതിന് കേരള സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക്ക് മെഡിക്കൽ ഉപകരണങ്ങളുടെ മേഖലയിൽ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കെഎസ്‌ഐഡിസിയാണ് നൽകുന്നത്. ഈ മേഖലയിലെ പഠന ഗവേഷണങ്ങൾക്കായി ഈ ഇൻകുബേറ്ററിൽ ആറു സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കൂടുതൽ സ്ഥാപനങ്ങൾ ഈ മേഖലയിലേക്ക് കടന്നുവരുമെന്നും അതിലൂടെ സംസ്ഥാനം മെഡിക്കൽ ഉപകരണങ്ങളുടെ മേഖലയിൽ ഒരു പ്രധാന ഹബ്ബായി മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ 34 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായി കേരളം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ജൈവസമൃദ്ധിക്കൊപ്പം ശ്രീചിത്ര സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, റീജ്യണൽ റിസർച്ച് ലബോറട്ടറി, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ മറൈൻ ഫീഷറീസ് ഇൻസ്റ്റിറ്റ്യൂട്ട്, റീജ്യണൽ ക്യാൻസർ സെന്റർ, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യവും കേരളത്തെ ഇന്ത്യയിലെ ലൈഫ് സയൻസസ് ഹബ്ബായി ഉയർത്താൻ പര്യാപ്തമാണ്.
ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്ക് സജ്ജീകരിക്കുന്നതിനുള്ള ചുമതല കെഎസ്‌ഐഡിസിയെ ആണ് സർക്കാർ ഏൽപിച്ചിരിക്കുന്നത്. ലൈഫ് സയൻസുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കുമുള്ള അവസരമൊരുക്കുകയാണ് പാർക്കിന്റെ സുപ്രധാന ലക്ഷ്യം.

ഫോട്ടോ: കെഎസ്ഐഡിസി സംഘടിപ്പിച്ച ജൈവസംരംഭക സംഗമം വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജ്യോതികുമാര്‍, എം.ഡി ഡോ.എം.ബീന എന്നിവര്‍ സമീപം.

NO COMMENTS

LEAVE A REPLY