ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമാക്കണം, ആൾക്കൂട്ടം ഒഴിവാക്കണം: കളക്ടർ

78

ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മുൻകൂർ അനുമതി നിർബന്ധം.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരാധാനാല യങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആരാധനാലയങ്ങൾക്കുള്ളിൽ സ്ഥലവിസ്തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരിൽ കവിയരുതെന്നും കളക്ടർ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മത – സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളു മായി നടത്തിയ ചർച്ചയിലാണു നിർദേശങ്ങൾ.

ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധാനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനു പകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിനു സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം.

ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സാമൂഹിക അകലം കർശനമായി ഉറപ്പാക്കണം. പത്തു വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ഗർഭിണികളും വീടുകളിൽത്തന്നെ കഴിയണമെന്നും കളക്ടർ പറഞ്ഞു.

ആരാധനാലയങ്ങൾക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അനൗൺസ്‌മെന്റ് നടത്തണം. തിരക്കേറിയ സമയങ്ങളിൽ നിർബന്ധമായും അനൗൺസ്‌മെന്റ് വേണം. ആരാധനാലയങ്ങളിലെ 45 വയസിനു മേൽ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്‌സിൻ എടുക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. വാക്‌സിൻ എടുത്തിട്ടില്ലാത്തവരും 45 വയസിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ സഹകരണവും സഹായവും നൽകുമെന്നു യോഗത്തിൽ പങ്കെടുത്ത മത – സാമുദായിക സ്ഥാപന പ്രതിനിധികൾ കളക്ടർക്ക് ഉറപ്പു നൽകി.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ മത, സാമുദായിക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എ.കെ. മീരാ സാഹിബ്, എ.ആർ. ഖാൻ, എ. സാബു, ഫിന്നി സക്കറിയ, ബി. ശ്രീകുമാർ, വിഷ്ണു വിജയ്, ആർ. രാഹുൽ, ഉണ്ണികൃഷ്ണൻ, തോമസ് തെക്കേൽ, ആർ. പ്രതാപചന്ദ്രൻ, ജെ. രാധാകൃഷ്ണപിള്ള, വി. ശോഭ, എം.എ. അജിത് കുമാർ, ബി. അനിൽകുമാർ എന്നിവരും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീദേവി തുടങ്ങിയവരും പങ്കെടുത്തു.

കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രത

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ സാമൂഹി അകലം, മാസ്‌ക്, സാനറ്റൈസർ ഉൾപ്പടെയുള്ള കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രദേശത്ത് പൊതു ചടങ്ങുകൾ, ഒത്തുകൂടലുകൾ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, കുടുംബ കൂടിച്ചേരലുകൾ തുടങ്ങിയവ നടത്തുന്നതിനു മുൻപ് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിവരം അറിയിക്കണം.

കണ്ടെയിൻമെന്റ് സോണുകളിലെ മാളുകൾ, കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതലായ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോ ക്കോൾ കർശനമായും പാലിക്കുന്നുണ്ടോ യെന്ന് ബന്ധപ്പെട്ട എസ്.എച്ച്.ഒമാർ ഉറപ്പു വരുത്തണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ രാത്രി ഒൻപതിനു ശേഷം പ്രവർത്തിക്കാൻ പാടില്ല. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം.

ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കൂ. ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കുന്നുണ്ടെന്ന് തിരുവനന്തപുരം, നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ചേർന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

NO COMMENTS