ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

14

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡി ജി പി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പണം നല്‍കി ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നാണ് എഡിജിപി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ ഏറെയാണ്. ഇതിന് പുറമെ രോഗവ്യാപനത്തിലും നേരിയ കുറവ് മാത്രമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും 30,000ത്തില്‍ അധികം ആളുകളാണ് ഓരോ ദിവസവും രോഗബാധിതരാകുന്നത്.

അതേസമയം, ഇന്ന് അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ 10,000 പോലീസുകാരെ വിന്യസിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലേയ്ക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ.

അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.

NO COMMENTS