കിടപ്പ് രോഗികൾക്കു വീട്ടിൽ കോവിഡ് പരിശോധന: സാന്ത്വനസ്പർശം പദ്ധതിക്കു ജില്ലയിൽ തുടക്കമായി

16

തിരുവനതപുരം : പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കിടപ്പുരോഗികളുടെ കോവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന സാന്ത്വനസ്പർശം പദ്ധതിക്കു ജില്ലയിൽ തുടക്കമായി. പാലിയേറ്റിവ് കെയർ ദിനത്തിൽ (ഒക്ടോബർ 10) ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുളള പാലിയേറ്റീവ് രോഗികൾ ഏറെ ജാഗ്രത പുലർത്തണമെന്ന് വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ കളക്ടർ പറഞ്ഞു. വീടുകളിലെത്തി പരിശോധിക്കുന്നതോടെ രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രയാസം ലഘുകരിക്കാം. സാധിക്കും.

ജീവന്റെ വിലയുള്ള പരിചരണം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കോവിഡ് പശ്ചാത്തലത്തിൽ കിടപ്പിലായ രോഗികളുടെ സ്രവപരിശോധനയ്ക്ക് പാലിയേറ്റീവ് കെയർ സ്റ്റാഫുകൾ തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.

ചടങ്ങിൽ തിരുവനന്തപുരം ജില്ലാ .മെഡിക്കൽ ഓഫീസർ ഡോ.കെ .എസ് ഷിനു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി അരുൺ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുകേഷ് രാജ്, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ റോയ് തുടങ്ങിയവർ പങ്കെടുത്തു.

വയലിനിസ്റ്റ് ബിജു പകൽകുറി നയിച്ച വയലിൻഫ്യുഷനും പിന്നണി ഗായകൻ സൂരജ് സന്തോഷിൻ്റെ ഗാനാലാപനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ബാലവകാശ കമ്മീഷൻ ടെക്നിക്യൽ അഡ്വൈസർ ആൽഫ്രഡ് ജോർജ് സ്ട്രെസ് മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ക്ലാസെടുത്തു.

സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പാലിയേറ്റീവ് ജീവനക്കാർക്കും ആദ്യഘട്ട പരിശീലനം ജില്ലാ ടീം നൽകിയിരുന്നു. താലൂക്ക്തല പരിശീലനം പൂർത്തിയാക്കി, പാലിയേറ്റീവ് നഴ്സുമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി കിടപ്പ് രോഗികൾക്ക് ഇവർ കോവിഡ് സ്രവ പരിശോധന നടത്തും.

NO COMMENTS