സി പി എമ്മും സി പി ഐയും തമ്മില്‍ നല്ല ബന്ധമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

143

സി പി എമ്മും സി പി ഐയും തമ്മില്‍ നല്ല ബന്ധമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം ശ്രമം നടക്കുന്നു. ഇത് വിലപ്പോകില്ല. ഇരു പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് പറയാനുള്ള സാഹചര്യം നിലവില്‍ ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വരാജ് – സി പി ഐ തര്‍ക്കത്തില്‍ സ്വരാജിനെ വിമര്‍ശിച്ച് ജനയുഗത്തില്‍ ലേഖനം വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരിയുടെ പ്രതികരണം.
അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കോടിയേരി ചൂണ്ടിക്കാട്ടുന്നു. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറയുന്നു. ഇത് തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.