ഗുണ്ടാബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണം നല്‍കില്ല : കോടിയേരി ബാലകൃഷ്ണന്‍.

174

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണം നല്‍കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ ആരും ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസ് അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്ന ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് നേരെ ആരോപണങ്ങള്‍ ഉയരുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന് ജേക്കബ് തോമസ് സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.

ആരോപണങ്ങള്‍ ആര്‍ക്കെതിരെയും വരാം. തെളിയിക്കപ്പെടുന്നതുവരെ അവ ആരോപണങ്ങള്‍ മാത്രമാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ജേക്കബ് തോമസിനുള്ളത്. അഴിമതിക്കെതിരെ നടപടി എടുക്കുന്നതിനാല്‍ പലഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകും. ഇങ്ങനെ എതിര്‍പ്പുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടായ കോടതി വിധി ഇടതു മുന്നണിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും, തന്റെ വാദം കേള്‍ക്കാതെയുള്ള വിധിയാണിതെന്ന നിലപാട് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്തിന് നിരക്കാത്തതാണെന്നും കോടിയേരി പറഞ്ഞു. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും കോടിയേരി പറഞ്ഞു. ഒരു കൂട്ടം അഭിഭാഷകര്‍ സമൂഹത്തിന്റെ പൊതുനിലപാടിനെതിരായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ അഭിഭാഷകരല്ല ക്രിമിനലുകളാണെന്നും കോടിയേരി പറഞ്ഞു.
ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലായാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അരി കിട്ടാതാകുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ റേഷന്‍ വിതരണ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കും. സര്‍ക്കാര്‍ നടത്തുന്ന സൗജന്യ അരിവിതരണം തുര്‍ന്നാല്‍ സംസ്ഥാനത്തിന് നല്‍കുന്ന അരിവിഹിതം കേന്ദ്രം നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതെയുള്ള നടപടിയാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY