കോഹ്‌ലിക്ക് ഡബിള്‍ സെഞ്ചുറി – ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

165

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഏഴാം ഡബിള്‍ സെഞ്ചുറി മികവില്‍ കരിയറിലെ ഏറ്റവും മികച്ച സ്കോര്‍ നേടിയ കോഹ്‌ലി 254 റണ്‍സോടെ പുറത്താകാതെ നിന്നു.ഒന്നാം ഇന്നിംഗ്സില്‍ 601/5 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 33 ഫോറുകളും രണ്ടു സിക്സറുകളും പറത്തിയ കോഹ്‌ലി ക്യാപ്റ്റനായിട്ടുള്ള 50-ാം ടെസ്റ്റില്‍ 7,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.

രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവര്‍ നായകന് ഉറച്ച പിന്തുണ നല്‍കി കൂടെനിന്നു. നാലാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ സഖ്യം 178 റണ്‍സ് കുറിച്ചു. പിന്നാലെ എത്തിയ ജഡേജയും ബാറ്റിംഗ് മോശമാക്കിയില്ല.

അതിവേഗത്തില്‍ സ്കോര്‍ ചെയ്ത ജഡേജ 104 പന്തില്‍ എട്ട് ഫോറും രണ്ടു സിക്സും പറത്തിയാണ് 91 റണ്‍സിലെത്തിയത്. കോഹ്‌ലി-ജഡേജ സഖ്യം അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത് 225 റണ്‍സ്. ജഡേജ പുറത്തായതിന് പിന്നാലെ കോഹ്‌ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. നേരത്തെ ആദ്യദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ സെഞ്ചുറിയും (108), ചേതേശ്വര്‍ പൂജാര അര്‍ധ സെഞ്ചുറിയും (58) നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പൂനെയില്‍ രണ്ടാം ദിനം മുഴുവന്‍ കോഹ്‌ലി ഷോയാണ് അരങ്ങേറിയത്. 26-ാം സെഞ്ചുറി ഉച്ചഭക്ഷണത്തിന് മുന്‍പ് പൂര്‍ത്തിയാക്കിയ കോഹ്‌ലി ചായയ്ക്ക് പിന്നാലെ ഡബിള്‍ സെഞ്ചുറിയിലുമെത്തി. സ്കോര്‍ 208-ല്‍ നില്‍ക്കേ സെനുറാന്‍ മുത്തുസ്വാമിയുടെ പന്തില്‍ കോഹ്‌ലി പുറത്തായെങ്കിലും നോബോളായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

NO COMMENTS