ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

209

പത്തനംതിട്ട • ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനടക്കമുള്ളവരെ സിപിഎമ്മിലേക്കു സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎം ഒരു വിശ്വാസത്തിനും എതിരല്ല. കുറെക്കാലം ഈ പാര്‍ട്ടി മുസ്ലിംകള്‍ക്ക് എതിരാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ ചിലര്‍ പറയുന്നത് സിപിഎം ഹിന്ദുക്കള്‍ക്ക് എതിരാണെന്നാണ്.ഇതൊന്നും വിലപ്പോവില്ല.
സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച്‌ കുടിശികകള്‍ തീര്‍ത്തതോടെ പലര്‍ക്കും മുത്തശ്ശനോടും മുത്തശ്ശിയോടും സ്നേഹം കൂടിയിട്ടുണ്ടെന്നും കൊച്ചുമക്കള്‍ അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. പെന്‍ഷന്‍ നല്‍കുന്നതിന് സിപിഎം പിരിവു നടത്തുന്നുണ്ടെന്നാണ് ആരോപണം. ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്. 13 ജില്ലാ സഹകരണ ബാങ്കും യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്. എന്നിട്ടാണ് ഈ ആരോപണം. തുക കൊണ്ടുവന്നു തരുന്നതിന് ഒരു ചില്ലിക്കാശു പോലും നല്‍കേണ്ടതില്ല. വെറും സന്തോഷത്തിന്റെ പേരിലായാലും, അങ്ങനുള്ള പിരിവിനെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കുന്നുമില്ല – കോടിയേരി പറഞ്ഞു.നേരത്തെ, ആര്‍എസ്‌എസും സംഘപരിവാര്‍ സംഘടനകളും തലസ്ഥാന നഗരിയില്‍ കലാപത്തിനുള്ള ഒരുക്കം കൂട്ടുകയാണ് കോടിയേരി സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.