മാര്‍ച്ച് 2ന് രാഷ്ട്രപതി കൊച്ചി ബിനാലെ സന്ദര്‍ശിക്കും, സെമിനാര്‍ ഉദ്ഘാടനം ചെയ്യും

238

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചി ബിനാലെ സന്ദര്‍ശിക്കുന്നു. ഇതാദ്യമായാണ് രാഷ്ട്രപതി ബിനാലെ സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് രണ്ടാം തിയതി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിന്നീട് ആസ്പിന്‍വാള്‍ ഹൗസിലെ ബിനാലെ പ്രദര്‍ശനങ്ങളും രാഷ്ട്രപതി സന്ദര്‍ശിക്കും. വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറയും. തുടര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു ആശംസപ്രഭാഷണം നടത്തും. ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ് കൃതജ്ഞത അര്‍പ്പിക്കുന്നത്. മേയര്‍ സൗമിനി ജെയിന്‍, കെ വി തോമസ് എം പി, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സുസ്ഥിര സാംസ്‌കാരിക നിര്‍മ്മിതിയുടെ പ്രാധാന്യം എന്നതാണ് സെമിനാറിന്റെ വിഷയം. അശോക് വാജ്‌പേയി, റിയാസ് കോമു, കെ സച്ചിദാനന്ദന്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. പ്രൊഫ എം വി നാരായണന്‍ മോഡറേറ്ററായിരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിനാലെ വേദികളായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 2 വ്യാഴാഴ്ച പൊതുജന സന്ദര്‍ശനം അനുവദിക്കില്ല. എന്നാല്‍ മറ്റു ബിനാലെ വേദികളില്‍ അന്നേ ദിവസം എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

NO COMMENTS

LEAVE A REPLY