കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര-സംഗീത അവതരണ പാക്കേജായ ‘ദ ഡൈ ഈസ് കാസ്റ്റ്’ ദളിത് പോരാട്ടങ്ങളേയും ആത്മവീര്യത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. അറിയപ്പെടുന്ന ചലച്ചിത്ര മാധ്യമപ്രവര്‍ത്തക മീനാക്ഷി ഷെഡ്ഡെ ക്യുറേറ്ററായുള്ള നാലു ദിവസത്തെ പാക്കേജിന്റെ പ്രദര്‍ശനം ജനുവരി ഏഴ് (ശനിയാഴ്ച) വൈകുന്നേരം ആറരയ്ക്ക് ആരംഭിക്കും. പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പ് മീനാക്ഷി ഷെഡ്ഡെ മോഡറേറ്റ് ചെയ്യുന്ന ചോദ്യോത്തര സെഷനുകളും ഉണ്ടായിരിക്കും.
ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എന്തായിത്തീര്‍ന്നു എന്നു കാണിക്കുന്ന ഒരു പാക്കേജാണ് താന്‍ തെരഞ്ഞെടുത്തതെന്ന് മീനാക്ഷി പറയുന്നു. ദളിതരോടുള്ള കാഴ്ചപ്പാടില്‍, പലരീതിയിലും മറ്റുള്ളവര്‍ അതിക്രൂരന്മാരായി മാറിയിരിക്കുന്നു. അവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ കുറ്റക്കാരാക്കുന്നു. ഇന്ത്യയുടെ മറുപകുതി എങ്ങനെ ജീവിക്കുന്നു എന്ന് നാം അറിഞ്ഞിരുന്നെങ്കില്‍, അവരുടെ ജീവിതത്തെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകുകയും അവരുടെ പോരാട്ടങ്ങളില്‍ പങ്കുചേരുകയും ചെയ്യുമായിരുന്നു എന്നും അവര്‍ പറഞ്ഞു. ബെര്‍ലിന്‍, ദുബായ് ചലച്ചിത്രമേളകളുടെ ദക്ഷിണേഷ്യ കണ്‍സല്‍റ്റന്റാണ് മീനാക്ഷി.
പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളുടെ പ്രണയം, വിദ്യാഭ്യാസം, ഭൂരാഹിത്യം എന്നിങ്ങനെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന നാല് ചിത്രങ്ങളാണ് ദ ഡൈ ഈസ് കാസ്റ്റിലുള്ളത്. ദളിത് പുതുതലമുറ ഗായകരുടെ പ്രകടനംകൂടി ഉള്‍പ്പെടുന്ന സംഗീതപരിപാടികള്‍ ദളിതജീവിതത്തിന്റെ വേരുകളും, അവരനുഭവിച്ച ചൂഷണങ്ങളും അവരുടെ ധൈര്യവും വിവരിക്കുന്നുണ്ട്.
നിരൂപകശ്രദ്ധ നേടിയ മറാത്തി ചിത്രം ‘സായ്‌റാത്’ ജനുവരി 8 (ഞായറാഴ്ച) പ്രദര്‍ശിപ്പിക്കും. ബന്ത് സിംഗ്, അദ്ദേഹത്തിന്റെ പുത്രി ബല്‍ജിത് കൗര്‍ എന്നിവരുടെ പ്രകടനം അതിനുശേഷം ഉണ്ടായിരിക്കും. ഉയര്‍ന്നജാതി ജാട്ടുകള്‍ ബല്‍ജിത്തിനെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അവര്‍ക്കെതിരെ പരാതി കൊടുത്തതിന് ശിക്ഷയായി ബന്ത് സിംഗിന്റെ കൈകാലുകള്‍ വെട്ടിമുറിക്കുകയും ചെയ്തിരുന്നു. ബന്ത് സിംഗ് ധൈര്യം സംഭരിച്ചുനടത്തിയ പോരാട്ടത്തിനൊടുവില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതിഷേധത്തിന്റെ വിപ്ലവഗാനങ്ങളാണ് ഈ അച്ഛനും മകളും ആലപിക്കുക.
ഭൂരഹിതരുടെയും കരാര്‍ തൊഴിലാളികളുടെയും കഥ പറയുന്ന കന്നഡ ചിത്രമായ ‘ചൊമന ദുദ്ദി’ ജനുവരി 9ന് (തിങ്കളാഴ്ച്ച) പ്രദര്‍ശിപ്പിക്കും. ബ്രാഹ്മണ ജാതിഭ്രാന്തിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോണ്‍ ഏബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതൈ ജനുവരി 10ന് (ചൊവ്വാഴ്ച്ച) പ്രദര്‍ശിപ്പിക്കും. തൃശൂരില്‍നിന്നുള്ള നാടന്‍സംഗീത ബാന്‍ഡായ കരിന്തലക്കൂട്ടതിന്റെ പ്രകടനം അതിനുശേഷം നടക്കും. ചൂഷണങ്ങളുക്കുറിച്ചുള്ള ഗാനങ്ങളാണ് 18 അംഗ സംഘം ആലപിക്കുക.
ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ മാത്രമല്ല, വലിയരീതിയില്‍ വിനോദദായകമായ ‘സായ്‌റാത്ത്’ ഉള്‍പ്പെടെ ജീവിതാനുഭങ്ങളില്‍നിന്ന് സൃഷ്ടിച്ച അപൂര്‍വ്വ ചിത്രങ്ങളാണ് ഇവയെന്ന് മീനാക്ഷി ഷെഡ്ഡെ വിലയിരുത്തുന്നു. രാഷ്ട്രീയവത്കൃതവും പ്രതിഫലനാത്മകവും വിവിധ ലക്ഷ്യങ്ങള്‍ക്കായി പോരാട്ടം നടത്തുകയും ചെയ്യുന്ന പ്രദേശമായ കേരളത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, കൊച്ചി മുസിരിസ് ബിനാലെ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും യോജിച്ച വേദിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.