ബിനാലെയില്‍ മുസിരിസ് പൈതൃക പെരുമയും

205

കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ കൊളാറ്ററല്‍ പ്രദര്‍ശനമായി മുസിരിസ് പൈതൃക പെരുമയും. മുസിരിസ്- എ സിറ്റാഡെല്‍ ഓഫ് സ്‌പൈസസ് (മുസിരിസ് – സുഗന്ധവ്യഞ്ജനങ്ങളുടെ കോട്ട) എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പുമുതലുള്ള ചരിത്രം അവകാശപ്പെടുന്ന പുരാതന തുറമുഖത്തിന്റെ കഥയാണ് പറയുന്നത്. 33 രാജ്യങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന ഈ പാരമ്പര്യത്തിന്റെ, വാണിജ്യത്തിന്റെ, സംസ്‌കാരത്തിന്റെ, ചരിത്രത്തിന്റെയൊക്കെ കഥപറയാന്‍ ശ്രമിക്കുകയാണ് മൂന്നാമത് ബിനാലെയിലെ പ്രദര്‍ശനം.

ഒന്‍പതാം നൂറ്റാണ്ടുതുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ നീളുന്ന പത്തു വിഭാഗങ്ങളായാണ് മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തെ തിരിച്ചിരിക്കുന്നത്. വടക്കന്‍ പറവൂരിലെ പട്ടണം പര്യവേഷണങ്ങളില്‍ ലഭിച്ച വ്യത്യസ്ത ചരിത്രവസ്തുക്കളാണ് പ്രദര്‍ശനത്തിലുള്ളത്. കേരളാ ടൂറിസത്തിന്റെ മുസിരിസ് പ്രോജക്റ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ബിനാലെ അവസാനിക്കുന്ന 2017 മാര്‍ച്ച് 29 വരെ പ്രദര്‍ശനം തുടരും.

പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുസിരിസ് മേഖലയുടെ ചരിത്രത്തെക്കുറിച്ച് അവരോട് പറയുന്നതിനുള്ള പ്രചരണപരിപാടിയായാണ് ഈ പ്രദര്‍ശനമെന്ന് മുസിരിസ് പൈതൃക പദ്ധതിയിലെ ഡോ മിഥുന്‍ സി. ശേഖര്‍ പറയുന്നു.പര്യവേഷണങ്ങളില്‍ ലഭിച്ച മൂന്നുലക്ഷത്തോളം ചരിത്രവസ്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത രത്‌നക്കല്ലുകള്‍, മുത്തുകള്‍, ചേരകാലഘട്ടത്തിലെ ഈയ-മിശ്രലോഹ നാണയങ്ങള്‍, പുകയില പൈപ്പുകള്‍, കണ്ണാടി- ടെറാക്കോട്ട വസ്തുക്കള്‍, ഭരണികള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ കെ. എസുമായി ചേര്‍ന്നുകൊണ്ട് ഡോ. മിഥുനാണ് പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ കൊടുങ്ങല്ലൂര്‍, പറവൂര്‍ ഭാഗങ്ങളിലാണ് മുസിരിസ് സ്ഥിതിചെയ്തിരുന്നതെന്നാണ് ചരിത്രപഠനങ്ങളും പര്യവേഷണങ്ങളും വെളിവാക്കുന്നത്. ഫിനീഷ്യന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍, അറബ്, ചൈനീസ് സംസ്‌കാരങ്ങളുമായുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു തുറമുഖപട്ടണം. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ചൈന, ഡെന്‍മാര്‍ക്ക്, ഈജിപ്റ്റ്, ജോര്‍ദാന്‍, ലബനന്‍, മലേഷ്യ, മൊസാംബിക്ക്, നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിങ്ങനെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 31 രാജ്യങ്ങള്‍ക്ക് പൗരാണിക കേരളവുമായി സുഗന്ധവ്യഞ്ജന കച്ചവടമുണ്ടായിരുന്നു.

സംഘകൃതികളില്‍ സ്വര്‍ണ്ണം വഹിക്കുന്ന റോമ കപ്പലുകള്‍ കറുത്ത സ്വര്‍ണ്ണമെന്ന കുരുമുളക് പകരം വാങ്ങാനായി മുസിരിസില്‍ എത്തുന്നതിനെപ്പറ്റി വിവരിക്കുന്നുണ്ട്. പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ എന്ന കൃതിയിലും കപ്പല്‍ സഞ്ചാരിയായിരുന്ന പ്ലിനി-ദി എല്‍ഡറിന്റെ എന്നിവരുടെ രേഖകളിലും മുസിരിസിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ തീരത്തുള്ള ചെങ്കടല്‍ തുറമുഖങ്ങളില്‍നിന്ന് കാലവര്‍ഷക്കാറ്റിന്റെ സഹായത്തോടെ 14 ദിവസത്തില്‍ മുസിരിസില്‍ എത്തിച്ചേരാമായിരുന്നെന്ന് ഹിപ്പാലസ് കണ്ടെത്തിയിരുന്നു. 1341ല്‍ പ്രകൃതി ക്ഷോഭത്തില്‍ മുസിരിസ് തുറമുഖം മണ്‍മറഞ്ഞു.

മുസിരിസ് പ്രദേശത്ത് നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ജൂതപ്പള്ളികളും ഉണ്ട്. രാജ്യത്തെ ആദ്യ മുസ്ലീം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ്, സെന്റ് തോമസ് സ്ഥാപിച്ചതെന്നു കരുതുന്ന ക്രിസ്ത്യന്‍ പള്ളിയെന്ന് പറയപ്പെടുന്ന കോട്ടക്കാവ് പള്ളി, പറവൂര്‍, ചേന്ദമംഗലം ജൂതപ്പള്ളികള്‍, 2000 വര്‍ഷത്തിലധികം പഴക്കമുള്ള തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവ് ഭഗവതിക്ഷേത്രം, തളി ക്ഷേത്രം എന്നിവ ഇതിലുള്‍പ്പെടും. പ്രധാനപ്പെട്ട സ്ഥലങ്ങളുടെയും സ്മാരകങ്ങളുടെയും വിവരങ്ങളും വിശദാംശങ്ങളും ബിനാലെയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ മേത്തല വില്ലേജിലെ കോട്ടപ്പുറം കോട്ടയില്‍നിന്ന് കണ്ടെത്തിയ ചരിത്രവസ്തുക്കളും സമാന്തര പ്രദര്‍ശനത്തിലുണ്ട്. പോര്‍ച്ചുഗീസുകാര്‍ 1523ല്‍ പണികഴിപ്പിച്ച കോട്ട 1663ല്‍ ഡച്ചുകാര്‍ പിടിച്ചെടുത്തു അവരുടെ കച്ചവടക്കപ്പലുകള്‍ സംരക്ഷിക്കാനുള്ള താവളമാക്കാനായി നശിപ്പിക്കുകയായിരുന്നു.

കോട്ടപ്പുറത്തുനിന്ന് ചീനപ്പിഞ്ഞാണങ്ങളുടെ വലിയ ശേഖരം കണ്ടെടുത്തിട്ടുണ്ടെന്ന് ഡോ. മിഥുന്‍ പറയുന്നു. ഇവിടം സന്ദര്‍ശിച്ച ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ചൈനയിലെപ്പോലെതന്നെയുള്ള പാത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നു. ഒന്‍പത്-പത്ത് നൂറ്റാണ്ടുകളില്‍ത്തന്നെ കോട്ടപ്പുറത്തിന് ചൈനയുമായി ശക്തമായ വാണിജ്യബന്ധങ്ങള്‍ ഉണ്ടായിരുന്നതായാണ് ഇത് കാണിക്കുന്നത്. 23 തരം ചീന നാണയങ്ങള്‍, മുത്തുകള്‍, കോട്ടപ്പുറത്തേക്ക് ഡച്ചുകാര്‍ കൊണ്ടുവന്ന ചൈനീസ് വെള്ള കളിമണ്ണുകൊണ്ടുള്ള പുക പൈപ്പുകള്‍ എന്നിവയും കണ്ടെത്തിടിട്ടുണ്ട്. 1700നും 1780നും ഇടയില്‍ നിര്‍മ്മിച്ച ഇത്തരം നിരവധി പൈപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഡച്ചുകാരാണ് ആദ്യമായി പുക പൈപ്പുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നത്. ഇവിടെ കണ്ടെത്തിയ പൈപ്പുകളില്‍ നിര്‍മ്മാതാവിന്റെ മുദ്രണവും വര്‍ഷവുംപോലുമുണ്ടെന്നും ഡോ. മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണച്ചരടിനാല്‍ ചുറ്റപ്പെട്ട നന്നങ്ങാടിയുടെ മാതൃകയും പ്രദര്‍ശനത്തിനുണ്ട്. മഹാശില സംസ്‌കാരകാലത്തില്‍ മരിച്ചവരുടെ ചില വസ്തുവകകള്‍ അടക്കം ചെയ്യുന്ന ആചാരം ദക്ഷിണ ഭാരതത്തിലുണ്ടായിരുന്നതായി ഡോ. മിഥുന്‍ പറഞ്ഞു. മരണാനന്തരജീവത്തില്‍ വിശ്വാസമുള്ളതിനാലാണിത്. മരണാനന്തരജീവിതമാണ് സുവര്‍ണ്ണകാലഘട്ടമെന്ന പ്രാചീനരുടെ വിശ്വാസത്തെ സൂചിപ്പിക്കാനാണ് നന്നങ്ങാടിയില്‍ സ്വര്‍ണ്ണനൂല് ചുറ്റിയത്. ഇത് കലാപരമായ പ്രതിനിധാനം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുസിരിസ് പൈതൃകപദ്ധതിയുടെ 28 മ്യൂസിയങ്ങളുടെ വിവരങ്ങളും പ്രദര്‍ശനത്തിലുണ്ട്. കേരള-യൂറോപ്പ്യന്‍ ശൈലിയില്‍ 1700കളില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച പാലിയം കൊട്ടാരവും പരമ്പരാഗത മലയാളി ശൈലിയില്‍ പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിച്ച പാലിയം നാലുകെട്ടും ഇതില്‍ ഉള്‍പ്പെടും.

എല്ലാ മ്യൂസിയങ്ങളും സന്ദര്‍ശിക്കാന്‍ ബോട്ട് സര്‍വീസും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ഡോ. മിഥുന്‍ പറയുന്നു. ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണിത്. സമീപപ്രദേശങ്ങളിലായി ഉള്‍നാടന്‍ കായലുകളും തെങ്ങ്, അടയ്ക്ക, ജാതി തുടങ്ങിയ പ്ലാന്റേഷന്‍ കൃഷികളും മീന്‍പിടുത്തവും ഒക്കെയായി കേരളത്തിന്റെ സംസ്‌കാരം കാണാനുള്ള അവസരവുമുണ്ട്. കായല്‍സവാരിയും കേരള പൈതൃകവും കൂട്ടിയോജിപ്പിക്കുന്ന ശാന്തമായ വിനോദസഞ്ചാര അനുഭവമാണ് പ്രചരിപ്പിക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY