ഐഎഫ്എഫ്‌കെയിലെ സംവിധായകര്‍ ബിനാലെയിലേക്ക്

207

കൊച്ചി: തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുത്ത സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധി ചലച്ചിത്ര സംവിധായകര്‍ കൊച്ചി-മുസിരിസ് ബിനാലെയിലുമെത്തി. ഇരുപത്തൊന്നാം ഐഎഫ്എഫ്‌കെയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ദി റിട്ടേണ്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗ്രീന്‍ സെംഗ് വെനീസ് ബിനാലെയുമായാണ് കൊച്ചി ബിനാലെയെ താരതമ്യം ചെയ്തത്. വെനീസ് ബിനാലെയ്ക്ക് കൂടുതല്‍ ബജറ്റും സ്ഥലവും ഉണ്ടെങ്കിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൃഷ്ടികളുടെ ഗുണമേന്മയുടെ കാര്യത്തില്‍ കൊച്ചി ബിനാലെയും വെനീസ് ബിനാലെയും തമ്മില്‍ വ്യത്യാസം അനുഭവപ്പെടുന്നില്ലെന്ന് സെംഗ് പറഞ്ഞു. സിംഗപ്പൂര്‍ സ്വദേശിയായ സെംഗ് ഈ വര്‍ഷം ആദ്യം വെനീസ് ബിനാലെ സന്ദര്‍ശിച്ചിരുന്നു. വൈവിധ്യങ്ങള്‍ എന്ന കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പ്രമേയത്തിനു ചേരുന്ന രീതിയില്‍ വിവിധ മാധ്യമങ്ങളിലായി സംയോജിപ്പിച്ച സൃഷ്ടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശബ്ദവും സ്പന്ദനവും കൂട്ടിയോജിപ്പിച്ച പുതിയ തലങ്ങള്‍ അവതരിപ്പിച്ച കമീല്‍ നോര്‍മെന്റിന്റെ ഇന്‍സ്റ്റലേഷന്‍ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവന്ന ബിനാലെ വേദിയില്‍ സര്‍ഗാത്മകതയുടെ വിവധ രൂപങ്ങള്‍ കാണാനാവുമെന്ന് സിങ്ക് എന്ന ചിത്രം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ ബ്രെറ്റ് ഇന്നസ് പറഞ്ഞു. സൃഷ്ടികള്‍ ചിന്തയ്ക്ക് ഇടം നല്‍കുന്നതും പരീക്ഷണാത്മകവുമാണ്. സിനിമയിലെ ആഖ്യാനരീതിയില്‍നിന്ന് വ്യത്യസ്തമായി കാണിയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ഇവയെന്നും ബ്രെറ്റ് പറഞ്ഞു.

പ്രചോദനത്തിനായി ബിനാലെയിലെത്തിയ ഡച്ച് ഡോക്യുമെന്ററി സംവിധായകനും നരവംശശാത്രജ്ഞനുമായ ലൂക് വ്രീസ്വികിന് നിരാശാനാവേണ്ടിവന്നില്ല. സാഹിത്യവും തത്വചിന്തയും ദൃശ്യങ്ങളും ശബ്ദങ്ങളും ഇടകലര്‍ന്ന ധാരാളം കലാസൃഷ്ടികള്‍ കാണാന്‍ കഴിഞ്ഞതായി ലൂക് പറഞ്ഞു. കവിതാലാപനവും ദൃശ്യാനുഭവവും ഒരുമിച്ചുചേര്‍ക്കുന്ന ശര്‍മ്മിഷ്ഠ മൊഹന്തിയുടെ ഐ മേക് ന്യൂ ദ സോംഗ് ബോണ്‍ ഓഫ് ഓള്‍ഡ് (ക ാമസല ിലം വേല ീെിഴ യീൃി ീള ീഹറ) അടക്കമുള്ള സൃഷ്ടികള്‍ കലയില്‍ ഞാനെന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റി ചിന്തിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഐഎഫ്എഫ്‌കെയില്‍ ബരാഖ് മീറ്റ്‌സ് ബരാഖ് എന്ന് ചിത്രം പ്രദര്‍ശിപ്പിച്ച സൗദി അറേബ്യന്‍ സംവിധായകന്‍ മഹ്മൂദ് സബാഗും ബിനാലെയിലെ ആഖ്യാനത്തിലേയും രൂപത്തിലേയും വൈവിധ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇന്ത്യയിലെയും പാകിസ്ഥാനിലേയും കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതുതന്നെ ബിനാലെയെ സമാനതകളില്ലാത്തതാക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാണിത്. ബിനാലെ സന്ദര്‍ശിച്ചതിലൂടെ ഫോര്‍ട്ട് കൊച്ചിയുടെ ജനങ്ങളേയും ചരിത്രത്തെയും കൂടുതലറിയാനായി. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നടന്ന സാംസ്‌കാരികാന്തര കൈമാറ്റങ്ങളെക്കുറിച്ചുള്ള തന്റെ പ്രോജക്ടിന് ഇത് സഹായിക്കുമെന്നും സബാഗ് പറഞ്ഞു.

ബിനാലെ തന്നെ ഒരു ഇന്‍സ്റ്റലേഷനാണെന്ന് പറഞ്ഞ കാ ബോഡിസ്‌കേപ്പിന്റെ സംവിധായകന്‍ ജയന്‍ ചെറിയാന്‍ കലാവിഷ്‌കാരങ്ങളുടെ ഒരു പരിച്ഛേദം കാണാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. നമ്മള്‍ ജീവിക്കുന്ന കാലത്തിനനുസരിച്ച് കലാസൃഷ്ടിയില്‍ വ്യക്തമായ വ്യത്യാസം വരുന്നുണ്ട്. നിര്‍ബന്ധിത പലായനത്തിന്റെയും അഭയാര്‍ഥി പ്രതിസന്ധിയുടെയും ആഴം റൗള്‍ സുറീതയുടെ സീ ഓഫ് പെയിന്‍ കൃത്യമായി പറയുന്നുണ്ട്. കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ കാലവാസ്ഥയെപ്പറ്റി ഭൂരിഭാഗം സൃഷ്ടികളും നേരിട്ടോ അല്ലാതെയോ പരാമര്‍ശിക്കുന്നുണ്ടെന്നും ജയന്‍ ചെറിയാന്‍ വിലയിരുത്തി.

NO COMMENTS

LEAVE A REPLY