സാന്ത്വനത്തിന്‍റെ സംഗീതം അനാരോഗ്യത്തിന് ബദലെന്ന് ആര്‍ച്ച്ബിഷപ്പ്

227

കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതി പുതുവര്‍ഷത്തെ വരവേറ്റത് കലയിലൂടെ രോഗശമനത്തിനായുള്ള പ്രതീക്ഷകള്‍ പങ്കുവച്ചുകൊണ്ടും, രോഗപീഡയില്‍ വേദനയകറ്റാന്‍ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സന്ദേശം സ്വീകരിച്ചുകൊണ്ടും. എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ എല്ലാ ബുധനാഴ്ച്ചയും കെബിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഈ ആഴ്ച്ച പങ്കെടുത്തത് ഗായകന്‍ ബിബിന്‍ ജോര്‍ജ്ജ്. പുതിയതും പഴയതുമായ പ്രത്യേകം തെരഞ്ഞെടുത്ത ഗാനങ്ങളിലൂടെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും അടങ്ങുന്ന സദസിന്റെ കൈയടി ബിബിന്‍ നേടിയെടുത്തു.

അതിരൂപത തലപ്പത്തേക്ക് നിയുക്തനായശേഷമുള്ള ആര്‍ച്ച് ബിഷപ്പിന്റെ ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ബിനാലെ സംഗീതത്തിന്റേത്. നമ്മള്‍ ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും അങ്ങേയറ്റം മലിനമായിരിക്കുന്ന ഈ സ്ഥിതിയില്‍, രോഗവും യാതനകളും ഇല്ലാത്ത സമൂഹത്തെക്കുറിച്ച് സംസാരിക്കുന്നത് അപ്രായോഗികമാണെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ഇവയെല്ലാം പരോക്ഷമായി അനാരോഗ്യത്തിന് നമ്മെ ഇരകളാക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഈ സംരംഭം പോലെ രോഗികള്‍ക്ക് സാന്ത്വനം പകരുന്ന സംഗീതപരിപാടികളെ വളരെയധികം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഹിയ അസീസ്, ജീവകാരുണ്യത്തിനായി പാട്ടുപാടുന്ന സാമൂഹികപ്രവര്‍ത്തകയായ മണി എന്നിവര്‍ ബിബിനോടൊപ്പം പങ്കെടുത്തു. ‘ഒരു കുടക്കീഴില്‍’ എന്ന ചിത്രത്തിലെ ‘അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഗാനത്തോടെ പരിപാടിക്ക് തുടക്കമിട്ട ബിബിന്‍ പിന്നീട് ‘കളകളം കായലോളങ്ങള്‍ (ഈ ഗാനം മറക്കുമോ)’, ‘അനുരാഗലോല രാത്രി (ധ്വനി)’ തുടങ്ങിയ ഗാനങ്ങളും ആലപിച്ചു.

ആലുവ കര്‍മലഗിരി സെമിനാരിയിലെ ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായ ബിബിന്‍ പെരുമ്പാവൂര്‍ ചന്ദ്രമന നമ്പൂതിരിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോ ഇന്ത്യന്‍ വോയിസ് 2012ലെ മൂന്നാം സ്ഥാനവും ബിബിന് സ്വന്തമാണ്. കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്ന ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 151ാമത് എപ്പിസോഡാണ് നടന്നത്. ജനറല്‍ ആശുപത്രി മുന്‍ സ്‌പെഷല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന്‍, ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസ് എന്നിവരും പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY