ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ 150 തികഞ്ഞപ്പോള്‍ പാടാനെത്തിയത് വൈക്കം വിജയലക്ഷ്മി

262

കൊച്ചി : പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരിയുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ നൂറ്റമ്പതാം ലക്കം. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന പ്രതിവാര കലാപരിപാടിയായ ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്റെ ഇന്നലത്തെ(ബുധനാഴ്ച്ച) ലക്കത്തിലാണ് വിജയലക്ഷ്മി രാഗതാളവിസ്മയം തീര്‍ത്തത്.

ഗായകരായ കലാഭവന്‍ ജിമ്മി, ജൂനിയര്‍ മെഹബൂബ് എന്നിവരും വിജയലക്ഷ്മിക്കൊപ്പം വേദി പങ്കിട്ടു. കലാഭവനില്‍ 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ജിമ്മിയാണ് ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍’ എന്ന ക്രിസ്തീയ ഭക്തിഗാനത്തോടെ ഗാനമേളയ്ക്ക് തുടക്കമിട്ടത്. ഇരുപതോളം ഗാനങ്ങള്‍ ഗായകര്‍ ആലപിച്ചു.

‘ലോകം മുഴുവന്‍ സുഖം പകരാനായ്’, ‘കാറ്റേ കാറ്റേ’, ‘ശാരദാംബരം’ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ച വിജലക്ഷ്മി ‘കസു’ എന്ന് സംഗീതോപകരണവും വായിച്ചു. ‘ഒപ്പം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി അവതരിപ്പിച്ചു. ‘കൈക്കോട്ടും കണ്ടിട്ടില്ല..’ എന്ന സംഘഗാനത്തോടെ അവസാനിച്ച പരിപാടിയില്‍ പഴയകാല ഹിന്ദി സിനിമാഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ഗായത്രീവീണ എന്ന അപൂര്‍വ സംഗീതോപകരണവായനയില്‍ വിദഗ്ധയായ വിജയലക്ഷ്മി ആദ്യ ചലച്ചിത്രഗാനത്തോടെതന്നെ പിന്നണിഗായിക എന്ന നിലയില്‍ പ്രശസ്തി നേടിയിരുന്നു. വൈക്കം സ്വദേശിയായ വിജയലക്ഷ്മിക്ക് നിരവധി പുരസ്‌കാരങ്ങളും സ്വന്തമാണ്. കമല്‍ ചിത്രമായ ‘നടനി’ലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിജയലക്ഷ്മി ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലെ തന്നെ പ്രത്യേക ജൂറി പരാമര്‍ശവും നേടിയിരുന്നു. മികച്ച ഗായികയ്ക്കുള്ള ഫിലംഫെയര്‍ പുരസ്‌കാരവും (ദക്ഷിണേന്ത്യ) അടുത്തിടെ വിജയലക്ഷ്മിയെത്തേടിയെത്തയിരുന്നു.

സദസിലെ കേള്‍വിക്കാരുടെ മുഖഭാവങ്ങള്‍ കാണാന്‍ കഴിയില്ലെങ്കിലും അവരുടെ കൈയ്യടിയില്‍നിന്നും മറ്റും വളരെ നല്ല പ്രതികരണമാണ് അനുഭവപ്പെട്ടതെന്ന് വിജയലക്ഷ്മി പറഞ്ഞു. സദസിലുണ്ടായിരുന്ന കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജയിനും വിജയലക്ഷ്മിയുടെ പ്രകടനത്തെ പ്രശംസിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ശ്രീ. ബോണി തോമസും സദസിലുണ്ടായിരുന്നു.

മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 2014 ഫെബ്രുവരി മുതല്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്ന പരിപാടിയാണ് ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന പരിപാടി കൂടാതെ മാസത്തിലെ അവസാന തിങ്കളാഴ്ച്ചകളില്‍ കളമശ്ശേരി കൊച്ചിന്‍ മെഡിക്കല്‍ കോളെജിലും ബിനാലെ സംഗീത പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY