റസിഡന്‍സി പരിപാടി:നാട്ടിലെ കലാകാരന്മാരുമായി കൊച്ചി ബിനാലെ ഇനി വിദേശത്തേയ്ക്ക്

215

കൊച്ചി: നാട്ടിലെ കലാകാരന്മാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ താമസിച്ച് കലാസൃഷ്ടി നടത്താനുള്ള റസിഡന്‍സി പരിപാടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആരംഭിക്കും. വിദേശത്തെ ആര്‍ട്ടിസ്റ്റുകളെ കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തി റസിഡന്‍സി പരിപാടികള്‍ ബിനാലെ ഫൗണ്ടേഷനും പെപ്പര്‍ ഹൗസും ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്നുണ്ട്. അതിന്റെ അടുത്ത ഭാഗമെന്ന നിലയിലാണ് പ്രാദേശിക ആര്‍ട്ടിസ്റ്റുകള്‍ക്ക് വിദേശത്ത് താമസിച്ച് കലാസൃഷ്ടികള്‍ നടത്താനുള്ള അവസരമുണ്ടാക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു.

കഴിഞ്ഞ ബിനാലെയ്ക്കുശേഷം കൊച്ചിയിലെ റസിഡന്‍സി പരിപാടയില്‍നിന്നുണ്ടായ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് തുടക്കമിട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിയാസ്. മട്ടാഞ്ചേരിയിലെ മന്‍ഡേലെ ഹാളിലാണ് പ്രദര്‍ശനം. ഇതു വരെ റസിഡന്‍സി പരിപാടികള്‍ക്ക് കൊച്ചി ആതിഥേയത്വം വഹിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇനി അടുത്ത പടിയെന്നോണം പ്രാദേശിക കലാകാരന്മാര്‍ക്ക് വിദേശത്തേക്കു പോകാനുള്ള അവസരം ഒരുക്കും. വിവിധ ദേശങ്ങള്‍ സഞ്ചരിച്ച് അവിടുത്തെ കാഴ്ചകള്‍ സ്വാംശീകരിച്ച് പുതിയ സൃഷ്ടികള്‍ നടത്താന്‍ കലാകാരന്മാര്‍ക്ക് സാധിക്കുമെന്നും റിയാസ് ചൂണ്ടിക്കാട്ടി.

കിരണ്‍ നാടാര്‍ മ്യൂസിയം, ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട,് പ്രൊഹേല്‍ വെച്ച്യ, പിരാമല്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് കൊച്ചിയിലെ റസിഡന്‍സി പരിപാടികള്‍ സംഘടിപ്പിച്ചു വന്നത്. കൊച്ചിയിലെ പെപ്പര്‍ ഹൗസിലായിരുന്നു കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനം. കൊച്ചിയുടെ വൈവിദ്ധ്യം വിവിധ സാമൂഹിക സാഹചര്യങ്ങളിലുള്ള കലാകാരന്മാരുടെ വീക്ഷണത്തില്‍ സൃഷ്ടിക്കുകയാണ് റസിഡന്‍സി പരിപാടികളുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പ്രദായിക രൂപങ്ങളായ ചിത്രരചന മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ റസിഡന്‍സി പരിപാടിയില്‍ ഒന്നിച്ചിട്ടുണ്ട്.
ആന്യ കെംപേ, ഓഗസ്റ്റീന്‍ റെബേറ്റസ്, ജിഗേഷ് കുമാര്‍, ദീപാ കെ, പീറ്റര്‍ ബിയാലോബ്രെസ്‌കി, മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, മുഹമ്മദ് കാസിം, മോ റേദ, വിക്ടര്‍ ഹാസ്ര, സന്തോഷ് കല്‍ബാന്‍ഡേ, സബീന ശ്രുണ്ടേര്‍, ഹാന്‍സ് ക്രിസ്റ്റിയന്‍ ഷ്രിങ്ക് എന്നിവരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY