ബിനാലെ ചലച്ചിത്ര പാക്കേജില്‍ ചലിക്കുന്ന പ്രതിബിംബങ്ങളും ദൃശ്യകലയും

204

കൊച്ചി: ചലിക്കുന്നതും നിശ്ചലവുമായ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, ഡോക്യുമെന്ററികള്‍, ആനിമേഷന്‍, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പുത്തന്‍ പരീക്ഷണങ്ങളും വീക്ഷണങ്ങളുമായി സിനിമാ പാക്കേജ് കൊച്ചി-മുസിരിസ് ബിനാലെയില്‍ അവതരിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് കൗണ്‍സില്‍, ലക്‌സ് സ്‌കോട്‌ലാന്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ആന്റിഫോണ്‍ എന്ന ചലച്ചിത്ര പാക്കേജ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകപ്രശസ്ത ചലച്ചിത്ര ജൂറി അംഗമായ നിക്കോള്‍ യിപ് ആണ് പാക്കേജ് ക്യൂറേറ്റ് ചെയ്തത്. പരിണാമത്തെ ദൃശ്യങ്ങളിലൂടെയും എഡിറ്റിംഗിലൂടെയും വരച്ചു കാണിക്കുന്നതായിരുന്നു ആദ്യ ഡോക്യുമെന്ററിയായ എവല്യൂഷണറി ജെര്‍ക്ക്‌സ് ആന്‍ഡ് ഗ്രാജ്വലിസ്റ്റ് ക്രീപ്‌സ്. ആര്‍ട്ടിസ്റ്റ് സിനിമ വിഭാഗത്തിലുണ്ടായിരുന്ന ഡങ്കന്‍ മാര്‍ക്വീസിന്റെ ഈ ചിത്രം ഫോസിലിനുള്ളില്‍ നിന്ന് എങ്ങിനെ ജീവന്റെ ചരിത്രം അന്വേഷിച്ചെടുക്കുന്നുവോ അതുപോലെ സംഗീതത്തിന്റെ ഉത്ഭവം തിരയുന്നതായിരുന്നു. വീഡിയോ ആര്‍ട്ടിനെ പ്രോത്സാഹിപ്പിക്കാനായിരുന്നു ഇത്തരമൊരു സിനിമ പാക്കേജിന് രൂപം നല്‍കിയതെന്ന് നിക്കോള്‍ യിപ് പറഞ്ഞു. മാര്‍ക്വീസിന്റെ മറ്റു നാലു സിനിമകളും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ആഖ്യായന രീതിയിലെ പരിണാമവും ചലച്ചിത്ര നിര്‍മ്മാണ സമ്പ്രദായങ്ങളുമെല്ലാം മനസിലാക്കാന്‍ ഉതകുന്നവയാണ് ഈ സിനിമകളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജീവശാസ്ത്രത്തെ ആധാരമാക്കി മാര്‍ക്വീസ് നടത്തുന്ന ചില പരീക്ഷണങ്ങളുടെ അനന്തരഫലമാണ് ഈ സിനിമകളെന്നും അവര്‍ പറഞ്ഞു.

ഗ്ലാസ്‌ഗോ ആസ്ഥാനമായാണ് നിക്കോള്‍ യിപ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലക്‌സ് സ്‌കോട്ട്‌ലാന്റ് എന്ന ചിത്രത്തിന്റെ ഡയറക്ടറായിരുന്നു അവര്‍. ഇതു കൂടാതെ വീഡിയോനാലെ.16 (2017), ഡോക്യുമന്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍(2016) എന്നിവയുടെ ജൂറി അംഗവുമായിരുന്നു. അറിവിനൊപ്പം അവബോധം, സങ്കല്പങ്ങള്‍ക്കൊപ്പം യാഥാര്‍ത്ഥ്യം, സത്യാവസ്ഥയ്‌ക്കൊപ്പം അനിശ്ചിതത്വം എന്നിവയുടെ വിശദീകരണമാണ് സിനിമ പാക്കേജിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സാറ ഫോറസ്റ്റിന്റെ എഗെയിന്‍ ഇറ്റ് ഒബജക്ടസ്, ജെയിന്‍ ടോപ്പിംഗ്‌സിന്റെ പീറ്റര്‍, ട്രോസ്റ്റന്‍ ലൗഷ്മാന്‍സിന്റെ ക്രേസി പേവിംഗ് ആഡം ലൂയിലസിന്റെ വിഷന്‍ എന്നിവയാണ് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടന്നപാക്കേജില്‍ പ്രദര്‍ശിപ്പിച്ചത്. മാര്‍ഗരറ്റ് സാല്‍മണിന്റെ ആദ്യ സംവിധാന സംരംഭമായ എഗ്ലാന്റൈനിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം നടന്നതും ബിനാലെ വേദിയിലാണ്. കൊച്ചു പെണ്‍കുട്ടി ഒരു സായാഹ്നത്തില്‍ വനത്തിലകപ്പെട്ടു പോകുന്നതും അവിടെ കണ്ട യാഥാര്‍ത്ഥ്യങ്ങളും മനോരാജ്യങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

സിനിമ പ്രദര്‍ശനത്തിനു ശേഷം അനലോഗി ലൂം എന്ന പേരില്‍ സംവാദവും ശില്പശാലയും സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചുള്ള സജീവമായ സംവാദത്തില്‍ ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, ക്യൂറേറ്റര്‍മാര്‍, ചലച്ചിത്രപ്രേമികള്‍ എന്നിവര്‍പങ്കെടുത്തു. സംവിധായകനായ ഡങ്കന്‍ മാര്‍ക്വീസ് തന്നെയാണ് പരിശീലന കളരി നയിച്ചത്. ചലച്ചിത്രം, വര, എഴുത്ത്, സംഗീതം എന്നിവയിലാണ് മാര്‍ക്വീസ് തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ളത്. പ്രത്യക്ഷമായി പരസ്പര ബന്ധമില്ലാത്ത വിഷയങ്ങളിലെ രൂപരേഖകള്‍ തേടിയുള്ളതാണ് അദ്ദേഹത്തിന്റെ രീതികളെല്ലാം. വിഭിന്ന വിഷയങ്ങള്‍, വസ്തുക്കള്‍, പ്രക്രിയകള്‍ എന്നിവയെ സംയോജിപ്പിച്ച് പുതിയ സാമ്യതകളില്‍നിന്ന് എങ്ങനെ ആശയങ്ങളും പുത്തന്‍ സമീപനങ്ങളും സൃഷ്ടിച്ചെടുക്കാം എന്നതിനെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിക്കോള്‍ യിപ്പാണ് സംവാദം മോഡറേറ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY