യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് കാല്പനികത ഉണ്ടാകുന്നത്: ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഫ്രാങ്ക്‌സ്വാ മസാബ്രൗ

222

കൊച്ചി:യാഥാര്‍ഥ്യത്തെ കലയിലേക്ക് പരിണമിപ്പിക്കുന്നതാണ് തന്റെ പ്രവര്‍ത്തന ശൈലിയെന്ന് ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഫ്രാങ്ക്‌സ്വാ മസാബ്രൗ. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയായ ആര്‍ട്ട് ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതമെന്ന്‌തോന്നും വിധമാണ് തന്റെ സൃഷ്ടികളെല്ലാമെന്ന് മസാബ്രൗ പറഞ്ഞു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ അതില്‍ നോക്കിനിന്നാല്‍ മാത്രമേ സങ്കീര്‍ണതകളെ പറ്റി മനസിലാകുകയുള്ളു.എല്ലാത്തരം ആസ്വാദകര്‍ക്കും ഇത് മനസിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തരത്തിലുള്ള ഗുളികകള്‍ രൂപമാറ്റം വരുത്തിയത് ഉപയോഗപ്പെടുത്തിയുള്ള സൃഷ്ടിയാണ് അദ്ദേഹം ഇതിന് മാതൃകയായികാണിച്ചത്. ഗുളികകള്‍ നിശ്ചിതസമയം വെള്ളത്തിലിടുന്നു. അതിലൂടെയുണ്ടാകുന്ന രൂപമാറ്റം ഉള്‍പ്പെടുത്തിയാണ് സൂക്ഷ്മമായസൃഷ്ടികള്‍ നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ആദ്യകാഴ്ചയില്‍തന്നെ ഒരു പ്രമേയത്തെ പറ്റി ധാരണയുണ്ടാക്കരുതെന്ന കാര്യമാണ് തന്റെ സൃഷ്ടികളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ വീക്ഷണത്തില്‍ അര്‍ത്ഥമില്ലെന്നുതോന്നുന്ന പലതിനും ഗഹനമായഅര്‍ത്ഥങ്ങള്‍ ഉണ്ടാകും.യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് കാല്പനികസൃഷ്ടികള്‍ ഉണ്ടാകുന്നത്. ലളിതവും എന്നാല്‍ സങ്കീര്‍ണവും, പരിചിതവും അപരിചിതവും, ഒളിച്ചു വയ്ക്കപ്പെട്ടതും പ്രദര്‍ശിപ്പിച്ചതും എന്നിങ്ങനെ കാണുന്നവരില്‍ ഒരേസമയം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഇത്തരം വൈരുദ്ധ്യാത്മക സൃഷ്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അലഞ്ഞുതിരിയലില്‍ നിന്നു കിട്ടുന്ന അനുഭവങ്ങളെ കലാരൂപത്തിലേക്ക് പരിണമിപ്പിക്കുകയാണ് ഫ്രാങ്ക്‌സ്വാ മസാബ്രൗ ചെയ്യുന്നത്. കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാം ലക്കത്തില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.സഞ്ചരിക്കുന്ന നഗരത്തിന്റെ സൂക്ഷ്മമായ നീരീക്ഷണമാണ് തന്റെചിന്താബോധം വിപുലീകരിക്കാന്‍ മസാബ്രൗ ഉപയോഗിക്കുന്നത്. ലോകംമുഴുവന്‍ സഞ്ചരിച്ച് ജീവിതാനുഭവത്തില്‍ നിന്നു ലഭിച്ച കലയുടെ പ്രചോദനം അദ്ദേഹം സദസ്സുമായി പങ്കുവച്ചു.

NO COMMENTS

LEAVE A REPLY