ഡ്രൈ ഡേയില്‍ വീടുകളില്‍ മദ്യം വിറ്റയാള്‍ പിടിയില്‍

219

കൊച്ചി: ഡ്രൈ ഡേയില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ച് നല്‍കുന്നയാളെ എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ അകനാട് സ്വദേശി ശിവദാസാണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് നാലു ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.ഒന്നാം തീയതിയായ ഇന്ന് വിദേശമദ്യശാലകള്‍ക്ക് അവധിയാണെന്ന് കണ്ട് കച്ചവടത്തിനിറങ്ങിയതാണ് അകനാട് സ്വദേശി ശിവദാസന്‍. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അവരുടെ താമസ കേന്ദ്രങ്ങളില്‍ ഇയാള്‍ മദ്യം എത്തിച്ചു. സ്വന്തം ഓട്ടോയിലെത്തിയായിരുന്നു മദ്യവില്‍പ്പന. രാവിലെ ഏഴുമണിക്കകം അഞ്ചു ലിറ്റര്‍ മദ്യം ഇയാള്‍ ആവശ്യക്കാര്‍ക്ക് നല്‍കി. വിവരം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ ഫോണില്‍ വിളിച്ചു. ജംഗ്ഷനില്‍ കാത്തു നില്‍ക്കാനായിരുന്നു മറുപടി. ഓട്ടോയില്‍ മദ്യവുമായെത്തിയ ശിവദാസനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന മദ്യവും കണ്ടെടുത്തു. ഇയാളുടെ കയ്യില്‍ നിന്നും മദ്യം വാങ്ങിയവരെ കണ്ടെത്തി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തതായി എക്‌സൈസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY