വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക സൗകര്യങ്ങള്‍

188

തിരുവനന്തപുരം• കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക സൗകര്യങ്ങളൊരുക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കു ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക വാഹനങ്ങള്‍ ഒരുക്കും. വീല്‍ചെയര്‍ റാംപുകള്‍, മൊബൈല്‍ റാംപുകള്‍, സ്വയം പ്രവര്‍ത്തിത റാംപുകള്‍, വീല്‍ചെയര്‍ ലിഫ്റ്റുകള്‍ എന്നിവയും ഒരുക്കുമെന്നു മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം ദിനമായ ഇന്നു കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും. ഭിന്നശേഷിക്കാരായ നൂറോളം പേര്‍ക്കു വിനോദയാത്ര ഒരുക്കിയാണ് ഉദ്ഘാടനം. ഭിന്നശേഷിക്കാരുടെ സൗകര്യപ്രകാരം ടൂറിസം സങ്കേതങ്ങളുടെ കവാടങ്ങളില്‍ത്തന്നെ നിലവാരമുള്ള ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കും.ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ബസുകള്‍ എന്നിവയില്‍ വിഭിന്നശേഷിക്കാര്‍ക്കായി വിശ്രമമുറികളും നിര്‍മിക്കും.ശ്രവണവൈകല്യമുള്ള സഞ്ചാരികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ടൂറിസം കേന്ദ്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജീവനക്കാര്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ആംഗ്യഭാഷയില്‍ പരിശീലനം നല്‍കും. കാഴ്ചാവൈകല്യമുള്ളവര്‍ക്കായി ബ്രെയ്ലിയില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കും. റസ്റ്ററന്റുകളില്‍ മെനു കാര്‍ഡുകള്‍ ബ്രെയ്ലി ലിപിയിലും നല്‍കും. സ്പര്‍ശനക്ഷമമായ മാപ്പുകളും സ്ഥാപിക്കും. കൂടാതെ റെക്കോര്‍ഡ് ചെയ്ത, ശ്രവണ യാത്രാമാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കും.സഹായ കേന്ദ്രങ്ങളില്‍ വൈദ്യസഹായോപകരണങ്ങള്‍, വീല്‍ചെയറുകള്‍, വോക്കിങ് സ്റ്റിക്കുകള്‍, ക്രച്ചസ്, കടല്‍ത്തീരത്ത് ഓടിക്കാവുന്ന ചെറു വൈദ്യുത വാഹനങ്ങള്‍, മോട്ടോര്‍വല്‍ക്കൃത വീല്‍ചെയറുകള്‍ എന്നിവയും ലഭ്യമാക്കും. ഇടുക്കി ഡാമില്‍ ബാഗി ചെയര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. ശംഖുമുഖം ബീച്ചില്‍ 1.2 കോടി രൂപയുടെ പുനരുദ്ധാരണ നടപടികളാണു നടക്കുന്നത്. ഇതില്‍ റാംപുകളും ഭിന്നശേഷിക്കാര്‍ക്കു സഹായമാകുന്ന നടപ്പാതകളും ഉള്‍പ്പെടുന്നു.

NO COMMENTS

LEAVE A REPLY