പ്രകൃതിയെ അടുത്തറിയാന്‍ ബിനാലെയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് വോള്‍ദിമര്‍

296

കൊച്ചി: ഒരു കൊടുങ്കാറ്റിനെ കടലോരത്ത് അതിന്റെ മധ്യത്തില്‍ചെന്ന് ചിത്രീകരിച്ച് ശബ്ദവും ദൃശ്യവുമൊക്കെ ചേരുംപടി ചേര്‍ത്ത കലാരൂപമാക്കിയശേഷം സന്ദര്‍ശകരെ അതിനുള്ളിലാക്കി ആസ്വാദ്യകരമാക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ ലാത്വിയന്‍ ആര്‍ട്ടിസ്റ്റ് വോള്‍ദിമര്‍ ജൊവാന്‍സണ്‍. ആസ്പിന്‍വാള്‍ ഹൗസിലൊരുക്കിയ തേസ്റ്റ് (ദാഹം) എന്ന സൃഷ്ടിയിലൂടെ ജൊവാന്‍സണ്‍ ലക്ഷ്യമിടുന്നത് പ്രകൃതിയെ അടുത്തറിയിക്കുക എന്നതാണ്. കൂറ്റന്‍ തിരമാലകളും വീശിയടിക്കുന്ന കാറ്റും 4കെ വ്യക്തതയോടെ ചിത്രീകരിച്ച് 5.1 സറൗണ്ട് ശബ്ദവിന്യാസത്തില്‍ കേള്‍പ്പിക്കുകയാണ് അദ്ദേഹം. തന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയ ഭൂമിയുടെ പാരിസ്ഥിതിക യാഥാര്‍ഥ്യങ്ങളുടെ കാഠിന്യം സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വോള്‍ദിമര്‍ പറഞ്ഞു.

നോര്‍വെയ്ക്കും ഐസ്‌ലാന്‍ഡിനും ഇടയ്ക്കുള്ള ഫറോവ ദ്വീപുകളില്‍ കൊടുങ്കാറ്റിനുവേണ്ടി കാത്തിരുന്നാണ് ജൊവാന്‍സണ്‍ തന്റെ ഭാവനയ്ക്ക് യഥാര്‍ഥ രൂപം നല്‍കിയത്. രൗദ്രരൂപം പൂണ്ട കടല്‍തീരത്ത് ക്യാമറകള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തി. ഗോഗിള്‍സിന്റെ സംരക്ഷണമുണ്ടായിട്ടുപോലും കണ്ണില്‍ കടല്‍ക്കാറ്റും ഉപ്പുവെള്ളവും അടിച്ചുകയറിയതുകൊണ്ട് ഒന്നും കാണാന്‍ നിവൃത്തിയില്ലായിരുന്നു. ഈ അവസ്ഥ അതേപടി കാണികളിലെത്തിച്ചിരിക്കുകയാണ് അദ്ദേഹം. ലിയണാദോ ദാവിഞ്ചി, എഡ്ഗാര്‍ അലന്‍ പോ തുടങ്ങിയ ഇതിഹാസ കലാകാരന്മാര്‍ നിരീക്ഷണത്തിലൂടെ പ്രകൃതിയുടെ സൂക്ഷ്മമായ ചലനങ്ങള്‍ മനസിലാക്കിയാണ് തങ്ങളുടെ സൃഷ്ടികളെ മികവുറ്റതാക്കിയത്. സാധാരണ കാണുന്നതില്‍നിന്ന് വ്യത്യസ്തമായ പലതും ആ രചനകളില്‍നിന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നു ജൊവാന്‍സണ്‍ ചൂണ്ടിക്കാട്ടി. അങ്ങനെ നിരീക്ഷണത്തിലൂടെ കലാസൃഷ്ടി നടത്തണമെന്ന് തോന്നിയപ്പോഴാണ് കൊടുങ്കാറ്റ് ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.

ഇങ്ങനെ സൃഷ്ടിക്കൊരുങ്ങുമ്പോള്‍ ഭൂമിയുമായി ബന്ധം സ്ഥാപിക്കാനുള്ള മനുഷ്യസ്വഭാവത്തെക്കുറിച്ച് മനസിലാകും. സാധാരണ കാഴ്ചയ്ക്കപ്പുറമുള്ള ഒരുതരം പ്രത്യേക അനുഭവം ഒരു പ്രകൃതിദൃശ്യത്തിനോ പ്രതിബിംബത്തിനോ പകര്‍ന്നുനല്‍കാനാവുമെന്നതും അപ്പോഴാണ് നാം അറിയുകയെന്ന് ജൊവാന്‍സണ്‍ വ്യക്തമാക്കി. ഇളകിമറിയുന്ന കടലും കാറ്റും മഴയുമൊക്കെ പ്രകൃതിയെ ആസ്വദിക്കുന്നതിനുപകരം ഭീതിയോടെ കാണാനാണ് സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നത്. പിന്നിലെ പ്രൊജക്ഷന്‍ സ്‌ക്രീന്‍ തറനിരപ്പില്‍ വച്ചത് കടലോരത്തുകൂടി നടക്കുന്ന പ്രതീതി സന്ദര്‍ശകരിലുണ്ടാക്കാനായിരുന്നു. ശബ്ദവും ദൃശ്യങ്ങളും കൂടി സംയോജിപ്പിച്ചപ്പോള്‍ വെള്ളം സന്ദര്‍ശകരിലേയ്ക്ക് വരുന്നതുപോലെ തോന്നിച്ചു. യഥാര്‍ഥത്തില്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആര്‍ക്കും കടല്‍തീരത്തുനിന്ന് ഓടിപ്പോകാനാണ് തോന്നുക. ഈ സന്ദര്‍ഭം കലാരൂപമാക്കി മാറ്റിയപ്പോള്‍ ആസ്വാദകന് അത് അനുഭവവേദ്യമായി. ഇതാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY