ബിനാലെയ്ക്ക് കൊച്ചി നല്‍കുന്നത് കലാകാരന്റെ ഉള്‍പ്രേരണകള്‍: ഗ്ലെന്‍ ഡി ലോവ്‌റി

196

കൊച്ചി: സമകാലീന കലയിലെ സുപ്രധാന അതിരടയാളമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് ആധുനിക കലാലോകത്ത് ഏറ്റവും പ്രശസ്തമായ ന്യൂയോര്‍ക്ക് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്-ന്റെ ഡയറക്ടറും ലോക പ്രശസ്ത കലാ ചരിത്രകാരനുമായ ഗ്ലെന്‍ ഡി ലോവ്‌റി. കലാകാരന് ഏതു തരത്തിലുള്ള സൃഷ്ടിയിലും ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷവും ഭൂപ്രകൃതിയുമാണ് കൊച്ചിയിലെ ബിനാലെ വേദികള്‍ക്കുള്ളതെന്ന് ലോകത്ത് സമകാലീന കലയുടെ ഏറ്റവും പ്രമുഖരായ വക്താക്കളിലൊരാളായ അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തന്നെ സൃഷ്ടിപരമായ ആശയങ്ങള്‍ മനസില്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെയാണ് ഈ പ്രദേശവുമായി താദാത്മ്യം പ്രാപിച്ചിട്ടുള്ള കലാസൃഷ്ടികള്‍ ഇവിടെ കാണാനാവുന്നതെന്ന് ഗ്ലെന്‍ ഡി ലോവ്‌റി പറഞ്ഞു. ഇന്ത്യയുടെ ആദ്യ ബിനാലെയുടെ ആത്മാവായി കൊച്ചി മാറിയിരിക്കുന്നു. എല്ലാ ബിനാലെയിലും ആഗോള-പ്രാദേശിക സ്വഭാവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സ്വാഭാവികമാണ്. കൊച്ചി ബിനാലെയ്ക്ക് കൊച്ചിയില്‍ മാത്രമെ നടത്താന്‍ കഴിയുകയുള്ളു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി പ്രത്യേകതകള്‍ കണ്ടെത്താന്‍ കലാകാരന് കഴിയുന്നതുകൊണ്ട് ഈ ബിനാലെയ്ക്ക് ഒരിക്കലും കൊച്ചി വിട്ടുപോകാന്‍ കഴിയുകയില്ല.

തനിക്ക് ലഭിച്ച വേദിയുമായി ചേരുന്ന തരത്തില്‍ ശബ്ദവിന്യാസം നടത്തി അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് കാമിലെ നോര്‍മന്റ് തയാറാക്കിയ പ്രൈം എന്ന ശ്രാവ്യ പ്രതിഷ്ഠാപനം വല്ലാതെ ആകര്‍ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തുള്ള നദിയെ ആധാരമാക്കി സൃഷ്ടിക്കുന്ന ശബ്ദ സ്പന്ദനങ്ങള്‍ അവിടുത്തെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു തരം ധ്യാനാനുഭവമാണ് നല്‍കുന്നത്.
ബിനാലെയുടെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയ്ക്ക് സംഗീത പശ്ചാത്തലമുള്ളതുകൊണ്ടാകാം ശബ്ദത്തെ അതിമനോഹരമായ സൃഷ്ടിപ്രകടനങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഏത് കലാപ്രദര്‍ശനത്തെയും മെച്ചപ്പെടുത്തുന്നത് ക്യുറേറ്ററുടെ കാഴ്ചപ്പാടുകളാണ്. കാലം, സമയം, ദേശം, ലോകത്ത് നമ്മുടെ ഗതിവിഗതികള്‍ എന്നിവ നിശ്ചയിക്കുന്ന പ്രേരകമായി ഈ കാഴ്ചപ്പാട് മാറിയിരിക്കുന്നു. ശബ്ദം ഈ ബിനാലെയുടെ സുപ്രധാന ഘടകമാണെന്ന് ലോവ്‌റി അഭിപ്രായപ്പെട്ടു. ഇന്ത്യ ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാറോയുടെ ഫാമിലി പോര്‍ട്രെയ്റ്റ്‌സ് എന്ന സൃഷ്ടി അതിന്റെ ജനയിതാവിന്റെ കുടുംബചരിത്രം ആവിഷ്‌കരിച്ചിരിക്കുന്നതുകൊണ്ടുതന്നെ അത് ഇടങ്ങളുടെയും വ്യക്തികളുടെയും ചരിത്രാന്വേഷണമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY