സമാപന പരിപാടികള്‍ ഗംഭീരമാക്കാന്‍ കൊച്ചി ബിനാലെ

470

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ സമാപന ദിനങ്ങളില്‍ ഗംഭീര പരിപാടികള്‍. മഗ്‌സസെ അവാര്‍ഡ് ജേതാവ് ടി.എം കൃഷ്ണയുടെ സംഗീതക്കച്ചേരിയുള്‍പ്പെടെയാണ് ആസ്വാദകര്‍ക്കായി ബിനാലെ ഒരുക്കുന്നത്. മാര്‍ച്ച് 29-നാണ് സമാപനം. ബിനാലെ ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിക്കുന്ന നിരവധി പരിപാടികളും അവസാന മൂന്നാഴ്ചകളില്‍ ഉണ്ടാകും. ബിനാലെ തുടങ്ങിയ ദിവസങ്ങളില്‍ ഇവരില്‍ പലരുടെയും പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ആര്‍ട്ടിസ്റ്റുകള്‍ വീണ്ടും കലാപ്രകടനങ്ങളുമായി എത്തുന്നത്.
പ്രശസ്ത നാടക പ്രവര്‍ത്തകയായ അനാമിക ഹസ്‌കറിന്റെ കോംപോസിഷന്‍ ഓഫ് വാട്ടര്‍ എന്ന നാടകം മാര്‍ച്ച് 22 മുതല്‍ 26 വരെ ആസ്പിന്‍വാള്‍ ഹൗസില്‍ നടക്കും. ദളിത് പശ്ചാത്തലത്തിലുള്ള ഈ നാടകത്തില്‍ ശുദ്ധജലം കിട്ടുന്നതിനു വേണ്ടി ദളിതര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിവൃത്തം. നാടകത്തിന്റെ റിഹേഴ്‌സല്‍ കാണാനും സൗകര്യമുണ്ടായിരിക്കും.

ഭരതനാട്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പദ്മിനി ചേറ്റൂര്‍ അവതരിപ്പിക്കുന്ന നൃത്ത രൂപം ഫോര്‍ട്ടകൊച്ചി ഡേവിഡ് ഹാളിലാണ് നടക്കുന്നത്. മാര്‍ച്ച് 26 മുതല്‍ 28 വരെയാണിത്. ഭരതനാട്യത്തിലെ വര്‍ണ്ണം എന്ന ഭാവത്തിന്റെ പുനരാവിഷ്‌കരണമാണ് അഞ്ച് നര്‍ത്തകരോടൊപ്പം പദ്മിനി അവതരിപ്പിക്കുന്നത്. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ അവതരണത്തിന്റെയും റിഹേഴ്‌സല്‍ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.സുലേഖ ചൗധരിയുടെ ഓഡിഷനിംഗ് ഓഫ് ദി പ്ലെയ്ന്റിഫ് എന്ന അവതരണമടക്കം നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.അവസാന വാരത്തിലെ മെഗാ ആര്‍ട്ട് ഷോയില്‍ ടി.എം കൃഷ്ണയും മുക്ത്യാര്‍ അലിയുമാണ് പങ്കെടുക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും അവസാന വാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗായിക സ്മൃതി മിനോച്ചയുടെ സംഗീത പരിപാടി, വാസന്തി, ശ്രീഖണ്ഡെയുടെ സാരംഗി കച്ചേരി എന്നിവയും ബിനാലെയുടെ അവസാന ദിനങ്ങളില്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തും.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നിരവധി ചര്‍ച്ചകളും സെമിനാറുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നാരായണന്റെ ഫസ്റ്റ് ഫുഡ്; കള്‍ച്ചര്‍ ഓഫ് ടേസ്റ്റ് എന്ന പുസ്തക പ്രകാശനം മാര്‍ച്ച് 15 ന് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടക്കും. പുസ്തക പ്രകാശനത്തിനു ശേഷം സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.ആര്‍ട്ട് എജ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ മാര്‍ച്ച 18, 19 തിയതികളില്‍ സെമിനാര്‍ നടക്കും. ഇന്റര്‍ ഏഷ്യ സ്‌കൂളുമായി സഹകരിച്ച് ദി പ്രസന്റ് ജങ്ചര്‍ ഓഫ് ഹിസ്റ്റോറിക്കല്‍ ചേഞ്ച്, ഡി കൊളോണൈസിംഗ് ഏഷ്യന്‍ ഫ്യൂച്ചേഴ്‌സ് എന്ന വിഷയത്തിലും സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട.ഇന്ത്യയിലെയും ചൈനയിലെയും ആര്‍ട്ടിസ്റ്റുകളും ബുദ്ധിജീവികളും തമ്മില്‍ ചര്‍ച്ചയോ ആശയവിനിമയമോ ഇല്ലാത്തതിനെക്കുറിച്ചാണ് സെമിനാര്‍. ഇന്റര്‍ ഏഷ്യ ബിനാലെ ഫോറം ചിന്തകരും എഴുത്തുകാരും അടങ്ങുന്ന സംഘമാണ്. മൂഞ്ചു ഫൗണ്ടേഷനും സെമിനാറില്‍ സഹകരിക്കുന്നുണ്ട്.

​​അറ്റ് ദി എന്‍ഡ് ഓഫ് ടൈം, തിങ്കിംഗ് ദി വേള്‍ഡ് ഫ്രം കൊച്ചി എന്ന വിഷയത്തില്‍ പ്രമുഖ സാംസ്‌കാരിക ചരിത്രകാരന്‍ പ്രൊഫ ദിലീപ് മേനോന്‍ നടത്തുന്ന പ്രഭാഷണം മാര്‍ച്ച് 25 ന് നടക്കും.സമകാലീനമോ, പരമ്പരാഗതമോ എന്ന തരംതിരിവില്ലാതെ കലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കടമയെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. മേല്‍പ്പറഞ്ഞ അതിരുകള്‍ ഇല്ലാതാക്കി പുതിയ സഹകരണം വളര്‍ത്തിയെടുക്കാനാണ് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി സഹകരിക്കാന്‍ കഴിയുന്നതുതന്നെ ബിനാലെയുടെ വിജയമാണെന്നും ബോസ് ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY