അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി ബിനാലെയിലെ മള്‍ട്ടിമീഡിയ കലാപ്രദര്‍ശനങ്ങള്‍

216

കൊച്ചി: സമകാലീന കലയിലെ വിവിധ വിജ്ഞാന ശാഖകളെ കൊച്ചി-മുസിരിസ് ബിനാലെ സമന്വയിപ്പിച്ച വിധം അതിശയകരമാണെന്ന് അമേരിക്കയിലെ മസാച്ച്യുസെറ്റ്‌സ് കോളേജ് ഓഫ് ആര്‍ട്ടിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പഠനയാത്രയുടെ ഭാഗമായി കൊച്ചി ബിനാലെ കാണാനെത്തിയതാണ് സംഘം. എന്താണ് കൊച്ചി ബിനാലെ എന്നതിനെക്കുറിച്ച് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി 17 അംഗ സംഘത്തിന് ആമുഖ വിവരങ്ങള്‍ നല്‍കി. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്ന ബിനാലെ പ്രമേയത്തിന്റെ വിശദാംശങ്ങളും അദ്ദേഹം സംഘത്തിന് മനസിലാക്കിക്കൊടുത്തു. ആശയത്തെ സ്വാധീനിക്കുന്നതാണ് ബിനാലെ പ്രദര്‍ശനങ്ങളെന്ന് ഇല്ലസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥി മേഗന്‍ നാഷ് പറഞ്ഞു. സമകാലീന കലയിലെ വിവിധ രീതികളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തന്നെ ഈ പ്രദര്‍ശനങ്ങള്‍ പ്രേരിപ്പിക്കുന്നു. അതു വഴി പുതിയ വീക്ഷണ തലം തനിക്കു ലഭിക്കുന്നു. ഉള്ളിലെ കലാകാരിയെ ഉണര്‍ത്താന്‍ ഈ ചിന്തകള്‍ ധാരാളമാണ്. തന്റെ പതിവു രീതികൡ നിന്നും വ്യത്യസ്തമാണ് ബിനാലെ. തന്റെ രീതികളിലേക്ക് വ്യത്യസ്തങ്ങളായ മാധ്യമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

ഈ നഗരത്തെ കല കൊണ്ട് വ്യാപിപ്പിക്കാന്‍ ബിനാലെയ്ക്ക് കഴിഞ്ഞുവെന്ന് പ്രതിമാനിര്‍മ്മാണ വിദ്യാര്‍ത്ഥി ജൊനാതന്‍ കോപ്പെല്‍ ചൂണ്ടിക്കാട്ടി. ഗോഡൗണുകളാണ് കലാപ്രദര്‍ശനത്തിനുള്ള വേദിയാക്കിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഈ അവസ്ഥാന്തരം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആഴത്തിലുള്ള പ്രതിഫലനം ഉണ്ടാക്കാന്‍ പോന്നവയാണ് കൊച്ചി ബിനാലെയിലെ കാഴ്ചകളെന്ന് കലാചരിത്ര വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ ഗ്രിമാനിസ് പറഞ്ഞു. ഗഹനമായതിനെ ഉള്‍ക്കൊള്ളുന്നത് അത്ര എളുപ്പമല്ല. കലാസൃഷ്ടികള്‍ക്കനുസൃതമായി അതിന്റെ പരിസരത്തെ എങ്ങനെ മാറ്റാമെന്നതിന്റെ ഉദാഹരണമാണ് ബിനാലെ. ബോസ്റ്റണില്‍ മടങ്ങിയെത്തി ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ആന്‍ഡ്രൂ. കലാ വിദ്യാഭ്യാസത്തില്‍ ബിനാലെ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അധ്യാപകനായ പ്രൊഫ. ലോയിസ് ഹെറ്റ്‌ലാന്റ് പറഞ്ഞു. സമൂഹവുമായി അടുത്തു നില്‍ക്കുന്ന ഇത്തരം സംരംഭങ്ങള്‍ ഭാവി തലമുറയ്ക്ക് ഗുണം ചെയ്യും. വിവിധ പ്രായത്തിലുള്ളവര്‍ക്കായി ബോസ്റ്റണിലും തങ്ങള്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പരിപാടികള്‍ പ്രദര്‍ശനങ്ങളുടെ പൊതു സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY