ആശയങ്ങളും ശൈലിയും പ്രതിഫലിപ്പിച്ച് ബിനാലെ ലിപികള്‍

312

കൊച്ചി: ആസ്പിന്‍വാള്‍ ഹൗസിലെ കൂറ്റന്‍ ബോര്‍ഡിലായാലും സന്ദര്‍ശകരുടെ തോളില്‍ തൂങ്ങുന്ന ചെറുസഞ്ചികളിലായാലും ചുവരെഴുത്തുകളിലായാലും കൗതുകമുണര്‍ത്തുന്നതാണ് നാലു വരയില്‍ ഒഴുകിയിറങ്ങുന്ന ബിനാലെ അക്ഷരങ്ങള്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയായ ‘യന്ത്രസിംഹ’ത്തിന്റെ ഉപജ്ഞാതാവും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റംഗവുമായ വി സുനിലാണ് ഈ അക്ഷരങ്ങളുടെയും രൂപകല്‍പനയ്ക്ക് പിന്നില്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ അക്ഷരങ്ങളിലൂടെയാണ് ബിനാലെ എന്ന എഴുത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കൗതുകം പകരുന്നതോടൊപ്പം മികച്ച കലാസൃഷ്ടി എന്ന ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് വി.സുനില്‍ പറയുന്നു. ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ പ്രമേയത്തിന് അനുസൃതമായി തന്നെയാണ് ഈ അക്ഷരങ്ങളുടെ രൂപകല്‍പ്പനയും.

രൂപകല്‍പനയും അക്ഷരങ്ങളും പരസ്പരം സംവദിക്കുന്ന അവസ്ഥയാണ് ആവശ്യം. അതിലൂടെയാണ് ആശയം കാണികളിലേക്കെത്തിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പോലുള്ള പ്രദര്‍ശനത്തില്‍ അക്ഷരങ്ങളുടെ രൂപകല്‍പ്പന സങ്കീര്‍ണമാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ബിനാലെ സാരഥികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ ഡിസൈനിലേക്കെത്തിയത്. ‘ഉള്‍ക്കാഴ്ചകളുരുവാകുന്നിടം’ എന്ന ബിനാലെ തലവാചകത്തെ അന്വര്‍ഥമാക്കുന്ന കൃഷ്ണമണിയുടെ ഏറ്റവും കുറിയ മാതൃകയിലാണ് രൂപകല്‍പനയ്ക്ക് ആദ്യം ശ്രമിച്ചത്. പക്ഷെ അത് പതിവുകാഴ്ച ആയിപ്പോകുമെന്ന് മനസിലാക്കി. പിന്നീട് അത് കറുത്ത വലിയ കുത്തുകളാക്കി മാറ്റി. അതോടൊപ്പം വരകളും കൂടിച്ചേര്‍ന്നപ്പോള്‍ പ്രമേയത്തിന് പുതിയ രൂപം പിറക്കുകയായിരുന്നു. സുനില്‍ പറഞ്ഞു.

ഇതേ ചിന്തകളും കൂടിയാലോചനകളും അക്ഷരങ്ങളുടെ രൂപകല്‍പനയിലുമുണ്ടായി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊറിയന്‍, തമിഴ് എന്നീ ഭാഷകളിലെ ലിപികള്‍ ചേര്‍ത്ത് ‘കൊച്ചി മുസിരിസ് ബിനാലെ’ എന്നെഴുതാനാണ് ഉദ്ദേശിച്ചത്. അതിന് ഗൗരവം കൂടുതലായി തോന്നി. പിന്നീടാണ് നാല് വരയിലൂടെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ഭാഷകളിലെ മുഴുവന്‍ അക്ഷരങ്ങളും ബിനാലെ ലിപിയിലേക്ക് മാറ്റുന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് സുനില്‍ ഓര്‍ക്കുന്നു. ഡിസൈനില്‍ ആശയം കിട്ടാന്‍ നിമിഷങ്ങള്‍ മതി. എന്നാല്‍ അത് പ്രമേയവുമായി സംയോജിപ്പിക്കാനാണ് ബുദ്ധിമുട്ട്. ബിനാലെ ലിപികളും വ്യത്യസ്തങ്ങളായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്. ഇതിനോട് സാദൃശ്യം തോന്നുന്ന ലിപികളും ഉണ്ടാകാം. പക്ഷെ വ്യത്യസ്തമാകുന്നത് വീക്ഷണമാണെന്ന് സുനില്‍ പറഞ്ഞു. ആ വ്യത്യസ്തത കൊച്ചി-മുസിരിസ് ബിനാലെയ്ക്കു മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY