കൊച്ചിയുടെ ചരിത്രരഹസ്യം തേടിയുള്ള യാത്രയ്‌ക്കൊടുവില്‍ ബിനാലെയില്‍ ഫ്രാങ്‌സ്വാ മസബ്രൗ

247

കൊച്ചി: കൊച്ചി എന്തെന്നു മനസിലാക്കാന്‍ ഫ്രഞ്ചുകാരനായ ഫ്രാങ്‌സ്വാ മസബ്രൗ പോയത് ആംസ്റ്റര്‍ഡാം, ലണ്ടന്‍, ലിസ്ബണ്‍ എന്നീ നഗരങ്ങളിലേയ്ക്ക്. കൊച്ചി സാമ്രാജ്യത്വത്തിന് കീഴിലാക്കപ്പെട്ടപ്പോള്‍ ഇവിടെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്തൊക്കെയാണെന്ന് മനസിലാക്കാനായിരുന്നു ആ യാത്ര. താന്‍ കണ്ടതൊക്കെ ഫാങ്‌സ്വാ ബിനാലെയില്‍ തയാറാക്കിയ ദൂരദര്‍ശിനികളിലൂടെ സന്ദര്‍ശകരുമായി പങ്കിടുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ ആസ്പിന്‍വാള്‍ ഹൗസിലെ കടലിന് അഭിമുഖമായ ബാല്‍ക്കണിയില്‍ അങ്ങനെയാണ് ഹിഡന്‍ സ്‌കൈലൈന്‍സ് എന്ന കലാസൃഷ്ടി പിറന്നത്. അവിടെ ചെന്നാല്‍ കാണാവുന്നത് പോര്‍ച്ചുഗലില്‍ നിന്നെത്തി നങ്കൂരമിടാന്‍ കാത്തു നില്‍ക്കുന്ന മേര്‍ അ പോര്‍ച്ചുഗല്‍, കൊച്ചിയ്ക്ക് മേല്‍ പൊങ്ങി നില്‍ക്കുന്ന ലണ്ടന്‍ ടവര്‍, ഡച്ച് സൂചകം എന്നിങ്ങനെയുള്ള ദൃശ്യങ്ങളാണ്.

ആദ്യമായി ആസ്പിന്‍വാള്‍ ഹൗസിലെ ഈ ബാല്‍ക്കണിയില്‍ എത്തിയപ്പോള്‍ തനിക്ക് സുപരിചിതമായ എന്തോ ഒന്ന് തോന്നിയിരുന്നുവെന്ന് ഫ്രാങ്‌സ്വാ മസബ്രൗ പറയുന്നു. അത് കേവലം ഒരു മുറിയായിരുന്നില്ല, മറിച്ച് തന്റേതായ ഇടമായി അദ്ദേഹത്തിന് തോന്നി. അവിടെത്തന്നെയായിരിക്കണം തന്റെ സൃഷ്ടിയെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ സൃഷ്ടിക്കു വേണ്ടിയാണ് കൊച്ചിയെ സാമ്രാജ്യത്വത്തിനു കീഴിലാക്കിയ എല്ലാ രാജ്യങ്ങളുടെയും തുറമുഖങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തത്. ഒരു ദിശയിലേക്ക് ദൂരദര്‍ശനി തിരിക്കുമ്പോള്‍ തേംസ് നദിയിലെ ബോട്ട് കാണുന്നു, അല്ലെങ്കില്‍ ആംസ്റ്റര്‍ ഡാം. ഇതിലേതാണ് യഥാര്‍ത്ഥമെന്ന ആശയക്കുഴപ്പം കാഴ്ചക്കാരില്‍ സൃഷ്ടിക്കാനാണ് മസബ്രൗ ശ്രമിക്കുന്നത്. ഈ ആശയക്കുഴപ്പത്തിലൂടെയാണ് ഉള്‍ക്കാഴ്ച ലഭിക്കുന്നത്. ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ സൃഷ്ടിയെ കാണേണ്ടി വരും. ഒരു പ്രേക്ഷകന്‍ എങ്ങിനെയാവണം എന്ന കാര്യം അവര്‍ മനസിലാക്കും. കൊച്ചിയുടെ ചരിത്രം, ടൂറിസം, എന്നിവയെല്ലാം ചോദ്യം ചെയ്യും വിധത്തിലേക്ക് പ്രേക്ഷകന്‍ മാറണം എന്നും അദ്ദേഹം പറയുന്നു.

ഒരു ദിശയിലേക്ക് തന്നെ നോക്കിയിരുന്നാല്‍ എന്തു കാണുന്നു. ചക്രവാളങ്ങള്‍ക്കപ്പുറം യൂറോപ്പ് കാണാന്‍ സാധിക്കുമോ. കൊച്ചിയും യൂറോപ്യന്‍ തുറമുഖങ്ങളും ചക്രവാളങ്ങള്‍ക്കപ്പുറം കാണാന്‍ സാധിക്കും വിധം ഈ നഗരത്തിന്റെ ചരിത്രശേഷിപ്പുകളെ വര്‍ത്തമാനകാലവുമായി സംയോജിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ വീക്ഷണത്തിനു വേണ്ടി ഒരു സോഫ്റ്റ്‌വെയര്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു ദൂരദര്‍ശിനി ആസ്പിന്‍വാള്‍ ഹൗസിലും മറ്റൊന്ന് ഫോര്‍ട്ടകൊച്ചി ബീച്ചിലുമാണ് സ്ഥാപിച്ചത്. ഇതിലൂടെ സൃഷ്ടിയിലെ കൗശലം സന്ദര്‍ശകര്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതരാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
ദൂരദര്‍ശിനിക്കു മുകളിലൂടെ നോക്കുമ്പോള്‍ കാണുന്ന യഥാര്‍ത്ഥ ദൃശ്യത്തിന് സമാനമല്ല അതിനകത്തു കൂടി നോക്കുമ്പോള്‍ കിട്ടുന്നത്. അത് മങ്ങിയ കാഴ്ചയാണ്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ മാത്രമേ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യൂറോപ്യന്‍ ബന്ധത്തെ തിരിച്ചറിയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കഥയെ യാഥാര്‍ത്ഥ്യമാക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്. പ്രദര്‍ശന ഇടവും, സൃഷ്ടിയുടെ ഉള്ളടക്കവും. ഇതിനു വേണ്ടിയാണ് ദൂരദര്‍ശിനിയും രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ രണ്ടും ഒറ്റനോട്ടത്തില്‍ കലാസൃഷ്ടികളല്ല. അതു കൊണ്ടാണ് ദൂരദര്‍ശിനികള്‍ രണ്ടും രണ്ട് സ്ഥലത്ത് സ്ഥാപിച്ചത്. നീലാകാശം തനിമയോടെ കിട്ടുന്നതിന് കടല്‍ത്തീരം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്രയധികം ആളുകള്‍ ഈ പ്രതിഷ്ഠാപനം കാണാനെത്തുമെന്ന് കരുതിയില്ലെന്ന് മസബ്രൗ പറഞ്ഞു. ആദ്യം കൊച്ചിയിലെത്തുമ്പോള്‍ സീസണായിരുന്നില്ല. അതിനാല്‍ ആളും കുറവായിരുന്നു. എന്നാല്‍ കൊച്ചി-മുസിരിസ് ബിനാലെ തുടങ്ങിയതോടെ സന്ദര്‍ശകരുടെ തള്ളിക്കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY