ബിനാലെയിലെ സംവാദ സ്വാതന്ത്ര്യത്തെ പുകഴ്ത്തി അഭിനേത്രി ലിസ റേ

199

കൊച്ചി: സര്‍ഗ്ഗാത്മകത മനസില്‍ സൂക്ഷിക്കുന്നവരുടെ പറുദീസയാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന വിശേഷണം പൂര്‍ണമായും അംഗീകരിക്കുകയാണെന്ന് പ്രശസ്ത ചലച്ചിത്രനടിയും എഴുത്തുകാരിയുമായ ലിസ റേ.ബിനാലെ മൂന്നാം ലക്കം കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു കാനഡയിലെ ഏറ്റവും മനോഹരമായ മുഖങ്ങളിലൊന്നായി ഏറെക്കാലം വിശേഷിപ്പിക്കപ്പെട്ട ലിസ. ഏറെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ എന്ന ചിത്രത്തിലൂടെയാണ് ലിസ ലോകം അറിയപ്പെടുന്ന നടിയായത്. ചിന്തകളെ ഉദ്ദീപിക്കുന്ന ബിനാലെ പ്രദര്‍ശനങ്ങളുടെ സംവാദശീലങ്ങളാണ് അവരെ ആകര്‍ഷിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ബിനാലെയെക്കുറിച്ച് മാത്രമാണ് താന്‍ സംസാരിക്കുന്നതെന്ന് ലിസപറഞ്ഞു. ഇന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുകയും കലയെ അനുഭവിച്ചറിയാനും ഇതിലൂടെ കഴിയുന്നു. ഓരോ നിമിഷവും ഇതിലേക്ക് മുങ്ങിത്താഴുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സാഹിത്യത്തെയും സമകാലീന കലയെയും ഒന്നിപ്പിച്ചതില്‍ എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കുന്ന ലിസയ്ക്ക് ആവേശം പകരുന്നു. എഴുത്താണ് തന്റെ അടുത്ത തട്ടകം. ബംഗാളിയായതിനാല്‍ സാഹിത്യവും വാക്കുകളും തന്റെ രക്തത്തിലുണ്ട്. സാഹിത്യത്തെ കലാപ്രദര്‍ശനമാക്കി മാറ്റിയത് തന്നെ അമ്പരപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.അലെസ് ഷെ്‌റ്റെയ്ഗറുടെ പിരമിഡാണ് ഏറെ ആകര്‍ഷിച്ചത്. മനസിനെ ഉണര്‍ത്തുന്ന, ജാഗരൂകമാക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. സാമൂഹ്യമാധ്യമത്തില്‍ താന്‍ ഇതേക്കുറിച്ച് കുറിച്ചിട്ടുണ്ട്.

ചില പ്രതിഷ്ഠാപനങ്ങള്‍ മനസിനെ ദൃഢമാക്കുന്നതാണ്. എല്ലാദിവസവും ചര്‍ച്ച ചെയ്യാത്ത പല കാര്യങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കലയുടെ പ്രാഥമികമായ കര്‍ത്തവ്യവും അതു തന്നെയാണ്. ശവശരീരങ്ങളുടെ ഫോട്ടോ കൊണ്ടുള്ള നാല് റഷ്യന്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷ്ഠാപനം അത്തരത്തില്‍ ഉള്ളതാണ്. ആദ്യം അരോചകമായി തോന്നുമെങ്കിലും പിന്നീട് മനസില്‍ നിരവധി ചോദ്യങ്ങള്‍ അതുളവാക്കുന്നു. ഫാഷന്റെ അര്‍ത്ഥമില്ലായ്മയാണ് അതു കാണിക്കുന്നതെന്നും പ്രശസ്ത മോഡല്‍ കൂടിയായ ലിസ റേ പറയുന്നു.ഒരു തവണ അര്‍ബുദത്തിന്റെ പിടിയില്‍നിന്ന് മോചിതയായ ലിസ റേ പിന്നീട് അര്‍ബുദ രോഗികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുള്ള പരിശ്രമത്തിലൂടെയും ശ്രദ്ധേയയായി.

NO COMMENTS

LEAVE A REPLY