കലയുടെ ജനാധിപത്യം: ബിനാലെയില്‍ ദശദിന പരിശീലന കളരി

231

കൊച്ചി: കലയുടെ ജനാധിപത്യസ്വഭാവം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി കൊച്ചി-മുസിരിസ് ബിനാലെയുടെ ആഭിമുഖ്യത്തില്‍ പരിശീലന കളരി നടന്നു. ‘സ്‌പേസ് ഫോര്‍ എന്‍കൗണ്ടേഴ്‌സ്, മീറ്റിംഗ്‌സ്, ഹാപ്പനിംഗ്‌സ് ആന്‍ഡ് ഇന്‍പുട്‌സ് ഇന്‍ ആര്‍ട് മീഡിയേഷന്‍’ എന്നാണ് ഇതിന് പേരു നല്‍കിയത്. കൂടുതല്‍ വിശാലമായ തലത്തിലുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഈ പരിപാടി നടന്നത്. ജനുവരി 16 മുതല്‍ 26 വരെയായിരുന്നു പരിശീലന കളരി. വിവിധ പശ്ചാത്തലങ്ങളുള്ള 25 പേരാണ് ഇതില്‍ പങ്കെടുത്തത്. ബംഗ്ലാദേശില്‍ നിന്നെത്തിയ അഞ്ച് ആര്‍ട്ടിസ്റ്റുകളും ഇതില്‍ പെടും. വിദഗ്ധര്‍ സാധാരണക്കാര്‍ക്ക് കലയെപറ്റി പറഞ്ഞു കൊടുക്കുന്ന പരമ്പരാഗതമായ സമ്പ്രദായത്തില്‍ മാറ്റം വരുത്തുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.

സാധാരണക്കാര്‍ കലാപ്രദര്‍ശനത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പറഞ്ഞു കൊടുക്കുന്ന അവസ്ഥയിലേക്കെത്തിക്കുകയാണ് പരിശീലന കളരിയുടെ ഉദ്ദേശ്യം. പ്രദര്‍ശനം, ഗൈഡഡ് ടൂര്‍ എന്നിവയിലൂടെയാണ് ഇത് പുരോഗമിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, സ്വിറ്റ്‌സര്‍ലാന്റിലെ ഹോഷുലെ ലുസറെന്‍ ആര്‍്ട്ട് ആന്‍ഡ് ഡിസൈന്‍, സ്വിസ്‌നെക്‌സ് ഇന്ത്യ, പ്രൊ ഹെല്‍വിഷ്യ ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത് നടത്തിയത്.

ജനങ്ങള്‍ക്ക് കലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സാഹചര്യമാണ് ഈ പരിശീലന കളരിയിലൂടെ സാധ്യമാകുന്നതെന്ന് ഹോഷുലെ ലുസറനിലെ ലെക്ച്ചറര്‍ ലെന എറിക്‌സണ്‍ പറഞ്ഞു.. വിവിധ സാഹചര്യങ്ങളില്‍ നിന്നെത്തുന്ന ജനങ്ങളുമായി സംവദിക്കുന്നതിനുള്ള മാധ്യമം ഉണ്ടാക്കിയെടുക്കുകയാണ് ഉദ്ദേശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊച്ചി ബിനാലെയുടെ പശ്ചാത്തലത്തില്‍ കലയെന്തെന്ന് വിവരിച്ചു നല്‍കുന്നതിനുള്ള ചില ഉപാധികള്‍ക്ക് സ്വറ്റ്‌സര്‍ലാന്റില്‍ നിന്നു വന്ന സംഘം രൂപം നല്‍കിയിട്ടുണ്ട്. സംഘം ഉണ്ടാക്കിയെടുത്ത പുസ്തകങ്ങളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് കലാ പ്രദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കും. ബിനാലെ കഴിയുന്നതു വരെ ഇവര്‍ക്ക് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണെന്ന് സംഘാംഗം എലിയ മാലേവെസ് പറഞ്ഞു.

ബിനാലെ വേദികളുമായി ബന്ധപ്പെടുത്തിയാണ് ഇതിന്റെ പരിശീലനം നടത്തിയത്. ഉപയോഗിക്കാന്‍ എളുപ്പമുള്ളതും വേദി കേന്ദ്രീകൃതവുമായ ഉപാധികളാണ് ഇതിന് ഉപയോഗി്ക്കുന്നത്. കലയ്ക്ക് മാനുഷികമായ ബന്ധം നല്‍കുന്നതാണ് ഈ പരിശീലന കളരിയെന്ന് മുംബൈയിലെ ഭാവു ദാജി ലാഡ് മ്യൂസിയം സീനിയര്‍ അസിസ്റ്റന്റ് ക്യൂറേറ്റര്‍ പൂജ വൈശ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

കലാപശ്ചാത്തലമുള്ളവരായാലും അല്ലെങ്കിലും സൃഷ്ടികളെക്കുറിച്ച് സ്വന്തമായി അഭിപ്രായം പറയാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലന കളരിയിലെ ഉപാധികള്‍. ഇതു തന്നെ കലയുടെ ജനാധിപത്യം കൂട്ടുന്നുവെന്നും പൂജ പറഞ്ഞു. കാണികള്‍ക്ക് കലാസൃഷ്ടികള്‍ സ്വയം അപഗ്രഥിക്കാനുള്ള പ്രാപ്തി ഇത് നല്‍കുന്നുവെന്ന് ധാക്കയിലെ ബംഗാള്‍ ഫൗണ്ടേഷന്‍ ഗവേഷകന്‍ നബീല്‍ റഹ്മാന്‍ പറഞ്ഞു. വഴികാട്ടപ്പെടേണ്ടവര്‍ക്കാണ് ആര്‍ട്ട് മീഡീയേഷന്‍ ഏറ്റവും പ്രയോജനപ്പെടുന്നത്. ഒരു കലാസൃഷ്ടിയെ എങ്ങിനെ കാണണമെന്ന് പൊതുജനങ്ങളെ മനസിലാക്കിക്കൊടക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും നബീല്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY