ബിനാലെ ചലച്ചിത്ര പാക്കേജില്‍ ഈയാഴ്ച കലയിലെ കാമ രംഗങ്ങളുടെ വിശകലനം

674
OLYMPUS DIGITAL CAMERA

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടര്‍ന്നു പോരുന്ന കാമ രംഗങ്ങളുടെ വിശകലനമാണ് കൊച്ചി-ബിനാലെ മൂന്നാം ലക്കത്തിലെ അടുത്ത ചലച്ചിത്ര പാക്കേജിലെ ഉള്ളടക്കം. വാട്ടര്‍ വെറ്റ് സാരി, ശരീര, ആന്‍ഡ് സിനിമ ടൂ; ദി ഇന്ത്യന്‍ സിനിറോട്ടിക്ക ആന്‍ഡ് ദ സെന്‍സ് ഓഫ് സൗന്ദര്യ (നനഞ്ഞ സാരി, ശരീരം, സിനിമ) എന്നാണ് ഈ ചലച്ചിത്ര പാക്കേജിന് നല്‍കിയിരിക്കുന്ന പേര്.

പ്രമുഖ ചലച്ചിത്ര ഗവേഷക അമൃത് ഗാംഗര്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ത്രിദിന ചലച്ചിത്രചര്‍ച്ചയില്‍ സിനിമ പ്രദര്‍ശനം, വായന എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ ഭാഷകളില്‍ നിന്ന് തെരഞ്ഞെടുത്ത അമ്പതോളം സിനിമകള്‍, പെയിന്റിംഗ്, ഗദ്യം എന്നിവയില്‍ നിന്നുമാണ് ഇതിനായുള്ള വിശദാംശങ്ങള്‍ സ്വരുക്കൂട്ടിയത്. ഓരോ മണിക്കൂര്‍ വീതമുള്ള മൂന്നു ഭാഗങ്ങളായാണ് ഇതൊരുക്കിയത്. ജനുവരി 26 വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി കൊച്ചി-മുസിരിസ് ബിനാലെയുടെ ആര്‍ട്ട് സിനിമ വിഭാഗത്തില്‍ ഇത് പ്രദര്‍ശിപ്പിക്കും. വൈകീട്ട് ആറു മണിക്ക് ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് പ്രദര്‍ശനം. ഇന്ത്യന്‍ സിനിമയിലെ നനഞ്ഞ സാരിയുടെ സൗന്ദര്യബോധവും സാഹിത്യ-കലാ മേഖലകളില്‍ ശരീരത്തിന്റെ ആവിഷ്‌കരണവുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

നോട്ടം, ശരീരം, വസ്ത്രാലങ്കാരം, സംഭാഷണം, നൃത്തം, ഗാനം എന്നിവയിലൂടെയാണ് ഇന്ത്യന്‍ സിനിമയിലെ രതിരംഗങ്ങള്‍ കടന്നു പോയിട്ടുള്ളത്. മാത്രമല്ല, കാളിദാസന്‍, ജയദേവന്‍, വാത്സ്യായനന്‍ എന്നിവരുടെ കൃതികളിലും സംസ്‌കൃത കവിത,നാടകം, നാടോടി സാഹിത്യം, ശില്‍പങ്ങള്‍, ചിത്രങ്ങള്‍ എന്നിവയിലെ രംഗങ്ങളും ചര്‍ച്ചാ വിഷയമാകുമെന്ന് അമൃത് ഗംഗാര്‍ പറഞ്ഞു. സൗന്ദര്യശാസ്ത്രത്തിലൂന്നിയാണ് ഈ പാരമ്പര്യം. പാശ്ചാത്യ സൗന്ദര്യ ബോധത്തിനും വളരെ മുമ്പുള്ളതാണിത്. ഈ ചട്ടക്കൂടില്‍ നിന്നു നോക്കിയാല്‍ എല്ലാ ഇന്ദ്രിയങ്ങളുടെയും ക്രോഡീകരണം ശൃംഗാര രസത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു.

ശരീരപ്രദര്‍ശനത്തിലൂടെയാണ് സിനിമയിലെ ഉത്തേജനം നടക്കുന്നത്. സാരി ഇതില്‍ ഭാവനാപരമായ പങ്ക് വഹിക്കുന്നു. രാജാ രവിവര്‍മ്മയുടെയും ഹേമേന്ദ്രനാഥ് മജൂംദാറിന്റെയും ചിത്രങ്ങളില്‍ സാരിയുടെ സ്വാധീനം കാണാം. സാരിയും വെള്ളവും തമ്മിലുള്ള ഇഴയടുപ്പം ഇന്ത്യയിലെ ആദ്യ വാണിജ്യ സിനിമയായ ദാദാ സാഹേബ് ഫാല്‍കേയുടെ രാജാ ഹരിശ്ചന്ദ്രയില്‍ തുടങ്ങിയെന്ന് അമൃത് പറയുന്നു. അതിനാല്‍ നനഞ്ഞ സാരിയുടെ സൗന്ദര്യബോധം വാണിജ്യ സിനിമയുടെ തുടക്കത്തില്‍ നിന്നു തന്നെയാണെന്ന സമര്‍ത്ഥിക്കുകയാണ് അവര്‍.

രാജ്യത്തെ എല്ലാ ഭാഷകളിലും ഇറങ്ങിയ സിനിമകളില്‍ നനഞ്ഞ സാരി വ്യാപകമായി ഉപയോഗിച്ചിരുന്നു. രാജാ ഹരിശ്ചന്ദ്ര മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മൈഥിലി ഭാഷായിലെ മീറ്റ ഹമാര്‍ ജനം ജനം കെ എന്ന സിനിമയിലെ ഈ ബന്ധം അന്വേഷിക്കുകയാണ് അമൃത്. നനഞ്ഞ സാരിയെന്നത് ഇന്ന് അശ്ലീലമായി തോന്നുന്നുണ്ടെങ്കില്‍ അത് ആണ്‍നോട്ടത്തെ ചൂഷണം ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ വേലയാണ്. ഇതിലൂടെ സ്‌ത്രൈണതയും സൗന്ദര്യബോധവുമാണ് തകര്‍ക്കപ്പെടുന്നത്. അശ്ലീല പദങ്ങള്‍ നിറഞ്ഞ പാട്ടുകളിലും ആംഗ്യങ്ങളിലൂടെയും ശരീരം വെറും കച്ചവട വസ്തുവായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശരീരപാരമ്പ്യത്തെ മുന്‍ നിറുത്തി നനഞ്ഞ സാരിയെ പുനരധിവസിപ്പിക്കുകയാണ് ഈ ചലച്ചിത്ര പാക്കേജിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാത്സ്യായനന്റെ കാമശാസ്ത്രം, ജയദേവകവികളുടെ ഗീതഗോവിന്ദം, കാളിദാസന്റെ നാടകങ്ങള്‍, ഇരയിമ്മന്‍ തമ്പിയുടെ ഈരടികള്‍, ചിത്രങ്ങള്‍ എന്നിവയിലെല്ലാം ഇതിന് തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY