ബിനാലെയില്‍ അസമത്വങ്ങളില്ലെന്ന് ഭിന്നലിംഗ സമൂഹം

213

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലൂടെ കടന്നു പോകുമ്പോള്‍ അദിതി അച്യുതിന്റെ മനസില്‍ ഓര്‍മ്മകളുടെ വേലിയേറ്റമായിരുന്നു. ബിനാലെ ആദ്യ ലക്കത്തില്‍ വോളണ്ടിയറായിരുന്നു അദിതി. പക്ഷെ അന്ന് പേര് അഖില്‍ എന്നും വേഷം ആണ്‍കുട്ടിയുടേതും.

ഭിന്ന ലിംഗസമൂഹത്തിന് കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങളില്‍ സ്വീകാര്യത ലഭിച്ചു തുടങ്ങിയതോടെയാണ് അഖിലിന് ധൈര്യമായി അദിതിയാവാനുള്ള അവസരം ലഭിച്ചത്. ബിനാലെ ആദ്യലക്കത്തില്‍ അമര്‍ കന്‍വറിന്റെ പ്രതിഷ്ഠാപനത്തിലായിരുന്നു അദിതിയുടെ ചുമതല. ജീവിതത്തിലെ ഏറ്റവും പ്രചോദനം ലഭിച്ച ദിനങ്ങളായിരുന്നു അതെന്ന് അദിതി ഓര്‍ക്കുന്നു. ആണില്‍ നിന്ന് പെണ്ണിലേക്കുള്ള മാറ്റത്തിന് ധൈര്യം ലഭിച്ചത് ബിനാലെയില്‍ നിന്ന് കിട്ടിയ ആര്‍ജ്ജവമാണെന്ന് അദിതി പറഞ്ഞു.

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ജിജോ കുര്യോക്കോസാണ് 2012 ല്‍ ക്വിറീലയ്ക്ക് തുടക്കമിട്ടത്. ബിനാലെ സ്ഥാപകര്‍ ഈ കൂട്ടായ്മയ്ക്ക് ഏറെ പിന്തുണ നല്‍കിയിരുന്നെന്ന് ഗവേഷകന്‍ കൂടിയായ ജിജോ പറഞ്ഞു. ഇതിലുപരിയായി ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന കാ ബോഡിസ്‌കേപ്‌സ്, വെളുത്ത രാത്രികള്‍ എന്നീ സിനിമകള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിംഗസമത്വം ഏതു സാഹചര്യത്തിലുമുണ്ടാകുമെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കാന്‍ കൂടിയായിരുന്നു ബിനാലെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കൂടുതല്‍ പൊതു സന്ദര്‍ശനങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടി സമൂഹമാധ്യമത്തില്‍ ഹാഷ് ടാഗ് പ്രചരണവും ഇവര്‍ നടത്തുന്നുണ്ട്.

ഭിന്നലിംഗക്കാരുടെ കൂട്ടായ്മയായ ക്വിറീലയില്‍ നിന്നുള്ള പത്തംഗ സംഘമാണ് ബിനാലെ കാണാനെത്തിയത്. ബിനാലെയിലെ ആര്‍ട്ടിസ്റ്റുകളുമായും ഇവര്‍ ആശയവിനിമയം നടത്തി. പ്രണീത് സോയി തന്റെ പ്രദര്‍ശന ഇടത്തില്‍ ഇവരുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നു.

NO COMMENTS

LEAVE A REPLY