ഗ്രാഫിക് പെയിന്റിംഗില്‍ ആദ്യ ഉദ്യമവുമായി ശില്‍പി നിക്കോള ദുര്‍വാസുല

268

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ പെപ്പര്‍ ഹൗസില്‍ തയ്യാറാക്കിയ ചാണകം മെഴുകിയ നിലത്ത് നിക്കോള ദുര്‍വാസുല അരിമാവ് കൊണ്ട് കോലമെഴുതി തുടങ്ങി. അവരുടെ ഓരോ വരയ്ക്കും ഈണവും താളവും നല്‍കി യുവ സംഗീതജ്ഞര്‍ കൂടി ചേര്‍ന്നതോടെ മികച്ച ശ്രാവ്യ-ദൃശ്യാനുഭവമായി മാറുകയായിരുന്നു പെപ്പര്‍ ഹൗസ് പരിസരം.

ബ്രിട്ടീഷുകാരിയായ നിക്കോള ദുര്‍വാസുല ബിനാലെ മൂന്നാം ലക്കത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ത്രിഡി ട്രാഫിക് നൊട്ടേഷന്‍ എന്നാണ് തന്റെ പ്രകടനത്തിന് അവര്‍ നല്‍കിയ പേര്. മുമ്പ് ക്യാന്‍വാസിലും കടലാസിലും ചിത്രരചന നടത്തിയിരുന്നെങ്കിലും ത്രിഡി അടിസ്ഥാനമാക്കിയ ആദ്യ ഉദ്യമമായിരുന്നു ഇതെന്ന് നിക്കോള പറഞ്ഞു. തയ്യാറെടുപ്പില്ലാതെയാണ് ഈ പ്രകടനം നടത്തിയതെന്നും അവര്‍ പറഞ്ഞു.

ഈയിടെ തമിഴ്‌നാട് സന്ദര്‍ശിച്ചതില്‍ നിന്നാണ് കോലമെഴുതാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് നിക്കോള പറഞ്ഞു. പെപ്പര്‍ ഹൗസിലെ ഒരു മുറിയില്‍ തറയുടെ ഒരു ഭാഗം ചാണകം മെഴുകി. അതില്‍ അരിമാവ് കൊണ്ട് വലിയ കുത്തുകള്‍ ഉണ്ടാകി. അതിനെ യോജിപ്പിച്ചു കൊണ്ടാണ് കോലമെഴുതിയതെന്ന് അവര്‍ പറഞ്ഞു. അരുണ്‍ എസ് കുമാര്‍(ഡ്രംസ്), അജോയ് ജോസ്(കീ ബോര്‍ഡ്), മനു അജയന്‍(ബാസ്), ശ്യാം എന്‍ പൈ(ഗിത്താര്‍) എന്നിവരാണ് നിക്കോളയ്ക്ക് സംഗീതത്തില്‍ പിന്തുണ നല്‍കിയത്. ഇവരെക്കൂടാതെ പ്രശസ്ത ഓടക്കുഴല്‍ വിശാരദ മാരിയോണ്‍ കെന്നി കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി.

സംഗീതത്തില്‍ മുഴുകിയാണ് പ്രകടനം മുഴുവന്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞു. തന്റെ കോലത്തിനനുസരിച്ച് അവരുടെ സംഗീതവും അതിനനുസരിച്ച് തന്റെ കോലമെഴുത്തും ചേര്‍ന്നു വന്നതായിരുന്നു ഇതിലെ ഏറ്റവും മനോഹരമായ ഭാഗമെന്നും നിക്കോള പറഞ്ഞു.
ഒരു സമകാലീന കലാപ്രകടനത്തിനിടെ സംഗീതം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് യുവസംഗീതജ്ഞര്‍ പറഞ്ഞു. ഇടവേളകളില്‍ സംഗീതം നിറുത്തുകയും പുനരാരംഭിക്കുകയും വേണമെന്ന നിര്‍ദ്ദേശം മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് ഗിത്താറിസ്റ്റ് ശ്യാം എന്‍ പൈ പറഞ്ഞു.

ബ്രിട്ടനിലെ ജേഴ്‌സിയിലാണ് നിക്കോള ജനിച്ചത്. പാരീസിലായിരുന്നു കലാപ്രവര്‍ത്തനവും സ്ഥിരതാമസവും. പിന്നീടാണ് ഹൈദരാബാദിലെ സരോജിനി നായിഡു സര്‍വകലാശാലയില്‍ അധ്യാപികയായി ചേര്‍ന്നത്. പത്തു വര്‍ഷത്തിനു ശേഷം 2002 ല്‍ ബ്രിട്ടനിലേയ്ക്ക് മടങ്ങി. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പരിശീലന കളരികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2012ല്‍ മുംബൈയിലെ മിര്‍ചന്ദാനി ആന്റ് സ്റ്റെയിന്റുക്കെയില്‍ സംഘടിപ്പിച്ച ഐ ആം ഹിയര്‍, ലണ്ടനിലെ റാക്മാനിനോംഫിലെ ബ്ലെയിം ഇറ്റ് ഓണ്‍ സണ്‍, ടാറ്റ ബ്രിട്ടനിലെ വാട്ടര്‍ കളര്‍ എന്നിവ അതില്‍ ചിലതാണ്.

പിയാനിസ്റ്റ് ജോണ്‍ ടില്‍ബറിയുമൊത്ത് 108 ദിവസം നീണ്ടുനിന്ന കലോത്സവം നിക്കോള സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള സൃഷ്ടികള്‍ നിക്കോള നടത്തുമ്പോള്‍ ടില്‍ബുറി പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ സംഗീതം നല്‍കും. ഈ സൃഷ്ടികളും പെപ്പര്‍ ഹൗസിലെ ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിനാലെ മൂന്നാം ലക്കം അവസാനിക്കുന്ന വാരത്തില്‍ ടില്‍ബറിയും നിക്കോളയുമൊത്തുള്ള പ്രകടനം അവതരിപ്പിക്കും.

NO COMMENTS

LEAVE A REPLY