കലയും സാങ്കേതിക വിദ്യയും : ബിനാലെയില്‍ അപൂര്‍വ സംഗമം

270

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം ലക്കത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയുടെ സ്വാധീനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. കല, രൂപകല്‍പന, പ്രായോഗിക ശാസ്ത്രം എന്നിവയുടെ ക്ഷമതയാണ് ഇത്തവണ ബിനാലെയില്‍ പരീക്ഷിക്കപ്പെടുന്നത്. കയര്‍ ഭിത്തി മുതല്‍ ആധുനിക ഫൈബര്‍ ടെക്‌നിക്കുകളിലൂടെയും അരങ്ങിലെ വെളിച്ചം മുതല്‍ വെര്‍ച്വല്‍ റിയാലിറ്റി വരെയും പ്രതിഷ്ഠാപനങ്ങളിലൂടെയും സൃഷ്ടികളിലൂടെയും വിശാലമായി പടര്‍ന്നു കിടക്കുകയാണ് ബിനാലെ മൂന്നാം ലക്കത്തിലെ നൂതന സാങ്കേതിക വിദ്യകള്‍.

സാങ്കേതിക വിദ്യയും കലയും തമ്മിലുള്ള ബന്ധം കേവലം വീക്ഷണങ്ങളിലെ വൈവിദ്ധ്യം മാത്രമല്ല മറിച്ച് എല്ലായ്‌പോഴും ഏകമായി മാത്രം നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം കൂടിയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സാങ്കേതിക വിദ്യ മനോഹരമായി പ്രയോജനപ്പെടുത്തുന്ന നിരവധി കലാകാരന്മാര്‍ ഇന്ന് ലോകത്തുണ്ട്. ഇതു രണ്ടും വ്യത്യസ്തങ്ങളല്ലെന്ന് ബോസ് പറഞ്ഞു. സൗന്ദര്യബോധവും രൂപകല്‍പനയിലെ സൂക്ഷ്മതയും സാങ്കേതികവിദ്യയ്ക്ക് നല്‍കുകയാണ് കല ചെയ്യുന്നത്. എന്‍ജിനീയര്‍ ഉണ്ടാക്കുന്ന ഒരു പാലം വലിയ തോതില്‍ നടത്തുന്ന കലാ പ്രതിഷ്ഠാപനം കൂടിയാണെന്ന് ആരുമോര്‍ക്കാറില്ലെന്നും ബോസ് ചൂണ്ടിക്കാട്ടി. അത് സമൂഹത്തിന് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാബോധത്തിന് ചിറകുകള്‍ നല്‍കാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സിഇഒ ഡോ.ജയശങ്കര്‍ പ്രസാദ് സി പറഞ്ഞു. ഇവ രണ്ടും തമ്മിലുള്ള സംയോജനം കലാകാരന്മാര്‍ക്ക് വലിയ അവസരം നല്‍കുന്നതിലൂടെ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ സൗന്ദര്യബോധവും കൂടുതല്‍ ഉപയോഗ സൗഹൃദവുമുണ്ടാവുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഈ ദിശയില്‍ കൂടുതല്‍ സഹകരണത്തിനുവേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ട് അപ് മിഷനും ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. സാങ്കേതിക വിദ്യ, പൊതുസമൂഹം, കലാ-സാംസ്‌കാരിക പ്രതിഫലനങ്ങള്‍ എന്നിവ വഴി വേണം ക്രിയാത്മക ചിന്തനങ്ങള്‍ നടത്താനെന്നും ഡോ ജയശങ്കര്‍ പറഞ്ഞു.

ഈ മാറ്റം ഇതിനികം തന്നെ കൊച്ചി ബിനാലെ തുടങ്ങി വച്ചുവെന്ന് അഹമ്മദാബാദില്‍ നടന്ന മേക്കര്‍ ഫെസ്റ്റിന്റെ സ്ഥാപകരായ കിഷന്‍ പരിഖും ചൈത്യ ഷായും അഭിപ്രായപ്പെട്ടു. ഇരുവരും ബുധനാഴ്ച ബിനാലെ കാണാനെത്തിയിരുന്നു. സാങ്കേതികവിദ്യയും കലയും തമ്മിയുള്ള സംയോജനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ഇരുവരും പറഞ്ഞു. ശാസ്ത്രത്തില്‍ ശരിയായ വഴി മാത്രമാണ് പഠിപ്പിക്കുന്നത്, എന്നാല്‍ ബിനാലെയിലെ കാഴ്ചകള്‍ വിവിധ വഴികള്‍ കാണിച്ചു തന്നുവെന്നും കിഷന്‍ പരിഖ് പറഞ്ഞു.

ശബ്ദവും വീഡിയോയും എക്കാലവും പരസ്പര സഹവര്‍ത്തിത്വം നടത്തുന്ന മേഖലയാണെന്ന് ചൈത്യ ഷാ പറഞ്ഞു. കലയും രൂപകല്‍പനയും മാത്രമല്ല മികച്ച അവസരങ്ങള്‍ നല്‍കുന്നത് മറിച്ച് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയൊക്കെ ഭാവിവാഗ്ദാനങ്ങളാണെന്നും അവര്‍ പറഞ്ഞു. അടുത്തിടെ മട്ടാഞ്ചേരിയില്‍ സമാപിച്ച ഫാബ് ലാബ് ഏഷ്യ നെറ്റവര്‍ക്ക് കോണ്‍ഫറന്‍സിലെ പ്രധാന ചര്‍ച്ച കല, രൂപകല്‍പന, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ എന്നതായിരുന്നു. ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു ഇതിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

ഇത്തരം നിരവധി കൂടിയാലോചനകള്‍ വേണമെന്നാണ് ഫിലിപ്പൈന്‍സിലെ ഫാബ് ലാബ് ബോഹോളില്‍ നിന്നുള്ള ഷിരോ തകാകിയുടെ അഭിപ്രായം. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സംഘം ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാളില്‍ എത്തിയിരുന്നു. ഇവിടുത്തെ കലാസൃഷ്ടി കണ്ട് സംഘാംഗങ്ങള്‍ അത്ഭുതപ്പെട്ടുവെന്ന് തകാകി പറഞ്ഞു. ചിത്രങ്ങളും ശില്‍പങ്ങളും മാത്രമാണ് കലയെന്ന തന്റെ ധാരണ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഏറെ പഠിക്കാനുണ്ടെന്ന് തിരിച്ചറിവോടെയാണ് ഇവിടം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY