ആറര മുതല്‍ പതിനാറായിരം കിലോമീറ്റര്‍ വരെ : ബിനാലെ സൃഷ്ടികളെത്താന്‍ ദൂരം പ്രശ്‌നമായില്ല

229

കൊച്ചി: കലയോടുള്ള അഭിനിവേശം മൂത്ത് മെക്‌സിക്കോക്കാരനായ വലേറി മെയര്‍ കാസോ ഭൂഗോളത്തിന്റെ പകുതി ദൂരം പിന്നിട്ട് കൊച്ചി ബിനാലെയില്‍ തന്റെ സൃഷ്ടി പ്രദര്‍ശിപ്പിക്കാനെത്തി. കൃത്യമായി പറഞ്ഞാല്‍ 16,725.59 കിലോമീറ്റര്‍. പങ്കെടുത്ത 98 കലാകാരന്മാരുടെയും സ്വദേശങ്ങളില്‍നിന്ന് കൊച്ചിയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ ഭൂഗോളത്തിന്റെ ചിത്രം പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ബിനാലെ ട്രസ്റ്റ് അംഗമായ വി സുനിലാണ് ഈ ആശയം രൂപീകരിച്ചതും ഭൂമിച്ചിത്രം ആസ്പിന്‍വാള്‍ ഹൗസില്‍ സ്ഥാപിച്ചതും. ഇതു കൂടാതെ ബിനാലെയുടെ വിവിധ ഗ്രാഫിക്‌സുകള്‍ രൂപപ്പെടുത്തിയതും സുനിലാണ്.

പന്ത്രണ്ട് ആര്‍ട്ടിസ്റ്റുകളാണ് പതിനായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി തങ്ങളുടെ പ്രദര്‍ശന ഇനങ്ങള്‍ ബിനാലെയിലെത്തിച്ചത്. അതില്‍ ഏറ്റവും ദൂരത്തു നിന്നെത്തിയത് വലേറി തന്നെ. രണ്ടാം സ്ഥാനം ചിലെയിലെ വിപ്ലവ കവി റൗള്‍ സുറീതയ്ക്കാണ്. ചിലെയിലെ സാന്റിയാഗോയില്‍ നിന്ന് 15764 കിമി താണ്ടിയാണ് പാര്‍ക്കിന്‍സണ്‍ രോഗി കൂടിയായ റൗള്‍ കൊച്ചിയിലെത്തിയത്.

അമേരിക്കയിലെ ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ നിന്നെത്തിയ നതാഷ ഒഗുന്‍ജി(15526.64 കിമി), സാന്‍ഡിയാഗോയില്‍ നിന്ന് മില്ലര്‍ പക്കെറ്റ്(15077. 30 കിമി), ലോസ് ആഞ്ചലസില്‍ നിന്ന് ലെയ്റ്റണ്‍ പിയേഴ്‌സ്( 14903.48 കിമി), ന്യൂയോര്‍ക്കില്‍നിന്ന് അകി സസോമോട്ടോ, വൈജയന്തി റാവു, സെര്‍ജിയോ ചെയ്‌ഫെക്, ടോം ബര്‍ക്ഹാഡ് , ക്രിസ് മാന്‍ (13621 കി മി) സിയാറ്റിലില്‍ നിന്ന് ഗാരി ഹില്‍( 13370.27 കി മി) ന്യൂസിലാന്‍ഡിലെ ഓക് ലാന്‍ഡ് സ്വദേശി ലീസ റെയ്ഹാന(11437.35 കിമി) എന്നിവരാണ് ബിനാലെ ആര്‍ട്ടിസ്റ്റുകളില്‍ ദൂരത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഏറ്റവും കുറവ് മലയാളി ആര്‍ട്ടിസ്റ്റുകള്‍ക്ക് തന്നെ. ആറര കിലോമീറ്റര്‍ മാത്രം താണ്ടിയെത്തിയവരുണ്ട്. ബാര ഭാസ്‌കരന്‍, കെ.ആര്‍ സുനില്‍, സന്തോഷ് ടിവി, ടോണി ജോസഫ്, പി.കെ സദാനന്ദന്‍, സി.ഭാഗ്യനാഥ്, ഇ.പി ഉണ്ണി, എന്നിവരാണ് കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍. വിദേശ നഗരങ്ങളില്‍ ഏറ്റവുമടുപ്പം കൊളംബോയാണ്. കൊച്ചിയില്‍ നിന്ന് 522. 81 കിമി മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. ടി.ശനാതനനാണ് ശ്രീലങ്കയില്‍ നിന്ന് ബിനാലെയിലെത്തിയ ആര്‍ട്ടിസ്റ്റ്. ദുബായ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, പോളണ്ട്, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ ന്യൂഡല്‍ഹി, മുംബൈ, പോണ്ടിച്ചേരി, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കലാകാരന്മാരുണ്ട്.

ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ നിന്നാണ് ബിനാലെയില്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നിട്ടുള്ളതെന്ന് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഈ ഭൂമിച്ചിത്രത്തിലൂടെ സാധിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇതിനു മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും ജനങ്ങള്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള ദൂരം വായിച്ചു നോക്കുന്നതു തന്നെ പലര്‍ക്കും കൗതുകമുള്ള കാര്യമാണ്. പ്രത്യേകിച്ചും ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്നും ആര്‍ട്ടിസ്റ്റുകള്‍ ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. മോസ്‌കോ, വാര്‍സോ, വിയന്ന, ആംസ്റ്റര്‍ഡാം, സ്ലോവേനിയ, ബുഡാപസ്റ്റ് തുടങ്ങി പല കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നിരവധി സ്ഥലപ്പേരുകള്‍ ഈ ഭുപടത്തില്‍ കാണാന്‍ കഴിയും.

NO COMMENTS

LEAVE A REPLY