ബിനാലെയില്‍ ക്യുറേറ്ററുടെ കൈയൊപ്പ് സുവ്യക്തം: രാമു അരവിന്ദന്‍

223

കൊച്ചി : പ്രദര്‍ശനത്തിലുടനീളം ദൃശ്യമായിരിക്കുന്ന ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ വീക്ഷണമാണ് കൊച്ചി മുസിരിസ് 2016 ബിനാലെയില്‍നിന്ന് തനിക്ക് ഒപ്പം കൊണ്ടുപോകാനുള്ളതെന്ന് പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകന്‍ ജി. അരവിന്ദന്റെ മകനുമായ രാമു അരവിന്ദന്‍ പറയുന്നു.

ഇവിടത്തെ സൃഷ്ടികള്‍ വൈവിധ്യമുള്ളതാണെങ്കിലും ഓരോന്നിലും ക്യുറേറ്ററുടെ കൈയൊപ്പ് സുവ്യക്തമാണെന്ന് അരവിന്ദന്‍ ചൂണ്ടിക്കാട്ടി. സൃഷ്ടിയും അത് സ്ഥാപിച്ചിരിക്കുന്ന ഇടവും തമ്മിലുള്ള സന്തുലനത്തില്‍ ഇതറിയാന്‍ സാധിക്കും. ബിനാലെയുടെ അനുഭവത്തില്‍ ഇത് സവിശേഷമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ കബ്രാല്‍ യാര്‍ഡിലെ പവിലിയനില്‍ നടക്കുന്ന ‘ആര്‍ട്ട്, ബോഡി, തോട്ട് : എക്‌സ്പ്രഷന്‍സ്’ എന്ന സമ്മേളനപരമ്പരയിലെ ‘ബിനാലെ : ഫസ്റ്റ് ലുക്ക്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു രാമു അരവിന്ദന്‍. നാലുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ഇന്ത്യയുടെ ഏക ബിനാലെയുടെ മൂന്നാംപതിപ്പിനെ സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങള്‍ പ്രമുഖ ചിന്തകര്‍ പങ്കുവച്ചു.

ക്യുറേറ്ററെന്ന നിലയില്‍ സുദര്‍ശന്‍ ഷെട്ടിയുടെ ലക്ഷ്യത്തിനോടും സാന്നിധ്യത്തിനോടും ബിനാലെയെ ചേര്‍ത്തുവച്ചത് ബോധപൂര്‍വമാണെന്ന് രാമു അരവിന്ദന്റെ അഭിപ്രായത്തിന് മറുപടിയായി ബിനാലെ സഹസ്ഥാപകന്‍ റിയാസ് കോമു പറഞ്ഞു. ബിനാലെ പൂര്‍ണമായും കലാകാരന്മാരാല്‍ നയിക്കപ്പെടുന്ന പരിപാടിയാണ്. ക്യുറേറ്ററുടെ പ്രവര്‍ത്തനം അതില്‍ സുപ്രധാന ഘടകമാണ്. ക്യുറേറ്റര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം തന്നെ കലാനിര്‍മ്മാണ പ്രക്രിയയാണ്. പ്രാദേശികമായ ഉള്‍ക്കാഴ്ച്ചകള്‍ ഉള്‍പ്പെടുന്ന സൃഷ്ടികള്‍ ഒരുക്കാനായി ആതിഥേയ നഗരത്തിന്റെ സംസ്‌കാരം മനസിലാക്കാന്‍ കലാകാരന്മാര്‍ക്ക് സന്ദര്‍ശനം ഒരുക്കുന്ന ഒരേയൊരു ബിനാലെയും കൊച്ചിയിലേത് ആയിരിക്കുമെന്നും റിയാസ് കോമു കൂട്ടിച്ചേര്‍ത്തു.

പൊയറ്റ്ട്രി ഇന്‍സ്റ്റലേഷനുകള്‍ കൗതുകമുണര്‍ത്തിയതായി കവി അനിതാ തമ്പി പറഞ്ഞു. സാഹിത്യരൂപം എന്ന നിലയില്‍ കവിതയ്ക്ക് കലാസൃഷ്ടികള്‍ക്കൊപ്പം വേദി പങ്കിടാനാവുമെന്ന് സങ്കല്‍പ്പിച്ചിരുന്നില്ല. ബിനാലെയില്‍ പങ്കെടുക്കുന്ന ശര്‍മ്മിഷ്ഠ മൊഹന്തിയുടെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേദി സന്ദര്‍ശിച്ചപ്പോള്‍ ആ മുറിയില്‍ അവരുടെ കവിതയുമായി ബന്ധമുള്ള വേറിട്ട വസ്തുക്കള്‍ കണ്ട് അത്ഭുതപ്പെട്ടതായും അനിതാ തമ്പി പറയുന്നു.

ആശയങ്ങളുടെ പ്രതിബിംബങ്ങളാണ് ബിനാലെ കൊണ്ടുവന്നതെന്ന് കവി അന്‍വര്‍ അലി പറഞ്ഞു. സിനിമയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ദൃശ്യങ്ങളുടെയല്ല, മറിച്ച് അക്ഷരങ്ങളുടെ വ്യക്തിയെന്ന നിലയിലാണ് താന്‍ സ്വയം കാണുന്നത്. പക്ഷേ ബിനാലെ തന്റെ കാഴ്ച്ചപ്പാട് മാറ്റി. ആഖ്യാനങ്ങളില്‍നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന അനുഭവം ബിനാലെ നല്‍കിയതായും അന്‍വര്‍ അലി കൂട്ടിച്ചേര്‍ത്തു.

പ്രമുഖ പണ്ഡിതന്‍ പ്രൊഫ. നിസാര്‍ അഹമ്മദ്, ചലച്ചിത്ര നിരൂപകന്‍ പ്രൊഫ. സി.എസ്. വെങ്കിടേശ്വരന്‍, പഠിതാക്കളായ രഞ്ജിനി കൃഷ്ണന്‍, ദിലീപ് രാജ് എന്നിവരും സംസാരിച്ചു. എച്ച്‌സിഎല്‍, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയുടെ സഹായത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മേളന പരമ്പര ഇന്ന് (തിങ്കളാഴ്ച്ച) സമാപിക്കും

NO COMMENTS

LEAVE A REPLY