ബിനാലെ നടത്താന്‍ ഇന്ത്യയില്‍ കൊച്ചിയല്ലാതെ മറ്റൊരു പ്രദേശവുമില്ല- മധ്യപ്രദേശ് ടൂറിസം സെക്രട്ടറി

294

കൊച്ചി: കൊച്ചിയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിദ്ധ്യമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രഭാവത്തിനും ജനപിന്തുണയ്ക്കും കാരണമെന്ന് മധ്യപ്രദേശ് ടൂറിസം സെക്രട്ടറി ഹരിരഞ്ജന്‍ റാവു പറഞ്ഞു. ബിനാലെ കാണാനെത്തിയ മധ്യപ്രദേശ് ടൂറിസം ഉന്നതതലസംഘത്തെ നയിച്ചാണ് അദ്ദേഹം പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയത്.

സമകാലീന കലാസ്വാദകര്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്നതാണ് കൊച്ചി ബിനാലെയെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയ്ക്ക് സ്വന്തമായ സാംസ്‌കാരിക ഇടമുണ്ട്. ഇതിനു പകരം വയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കലാകാരന്മാരെ കൊണ്ടു വന്ന് ഇത്ര ബൃഹത്തായ പ്രദര്‍ശനം 108 ദിവസം സംഘടിപ്പിക്കുകയെന്നത് വലിയൊരു നേട്ടമാണ്. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക-ടൂറിസം രംഗത്തെ ആകര്‍ഷണമായി ബിനാലെ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സന്ദര്‍ശകരുടെ മനസിലെ വിഷമങ്ങള്‍ മാറ്റി വച്ച് സര്‍ഗ്ഗാത്മകമായി അവരെ ചിന്തിപ്പിക്കുന്ന മാസ്മരികമായ എന്തോ ഒന്ന് ബിനാലെ വേദികളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളില്‍ നിന്ന് മാറി നിന്നു കൊണ്ടേ കലാസ്വാദനം പ്രാവര്‍ത്തികമാവുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിനാലെ വേദികളിലെ സക്രിയമായ അന്തരീക്ഷവും സര്‍ഗ്ഗാത്മക ചര്‍ച്ചകൡ ഏര്‍പ്പെടാനുള്ള സൗകര്യവും തന്നെ ഏറെ ആകര്‍ഷിച്ചെന്ന് എംപി ടൂറിസം അഡി എംഡി തന്‍വി സുന്ദരിയാല്‍ പറഞ്ഞു. തന്റെ കലാലയ ജീവിതം ബിനാലെ ഓര്‍മ്മിപ്പിക്കുന്നു. കവിതകളും കലയും തര്‍ക്കങ്ങളും ചര്‍ച്ചകളുമായി സജീവമായിരുന്ന അക്കാലത്തിന്റെ സ്മരണകള്‍ ബിനാലെ സമ്മാനിച്ചു. അവര്‍ പറഞ്ഞു. മനസിന് ഊര്‍ജ്ജം പകരാനുള്ള ഇടമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വിദേശരാജ്യങ്ങളില്‍ കൊച്ചിയെ ജനകീയമാക്കാന്‍ പറ്റിയ സാംസ്‌കാരിക പാതയാണ് ബിനാലെയെന്ന് എംഎല്‍എ വിടി ബല്‍റാം പറഞ്ഞു. കലാസ്വാദനം സമാനതകളില്ലാത്ത മേന്മയാണ്. സന്ദര്‍ശകര്‍ക്ക് കലയോടുള്ള അഭിനിവേശത്തെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം ബിനാലെയിലുണ്ട്. രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ഉത്തേജനം ബിനാലെ പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY