ബിനാലെയെ വിസ്മയിപ്പിച്ച വേഗവും ചടുലതയുമായി പയ്യന്നൂര്‍ കോല്‍ക്കളി

261

കൊച്ചി: അമ്പതു പേരുടെ കൈവിരലുകളില്‍ കോര്‍ത്ത ചരട് വേഗത്തിനും താളത്തിനുമനുസരിച്ച് ത്രിവര്‍ണപതാകയായി മാറുന്ന രംഗം കൊച്ചി ബിനാലെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് അവിസ്മരണീയ അനുഭവമായി മാറി. ചരിത്രത്തില്‍ നടാടെ മൂന്നു ഘട്ടങ്ങള്‍ ഒന്നായി സമന്വയിപ്പിച്ച പയ്യന്നൂര്‍ കോല്‍ക്കളിയുടെ ആദ്യ അവതരണമായിരുന്നു ബിനാലെയില്‍ നടന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍ പയ്യന്നൂരില്‍ നിന്നും വന്ന {പഭാകരന്‍ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു അമ്പതു പേരടങ്ങുന്ന സംഘം കോല്‍ക്കളി അവതരിപ്പിച്ചത്. ഏഴു മുതല്‍ എഴുപത് വയസ്സ് വരെയുള്ള കലാകാരന്മാര്‍ ഇതില്‍ പങ്കെടുത്തു. പയ്യന്നൂരിലെ സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടാണ് രൂപാന്തരപ്പെട്ടു വന്ന കോല്‍ക്കളിയ്ക്ക് 300 വര്‍ഷത്തെ പഴക്കമുണ്ട്. പുരാതന കളരി അഭ്യാസവുമായി അഭേദ്യമായ ബന്ധമുള്ള കോല്‍ക്കളി അങ്ങേയറ്റത്തെ ഏകാഗ്രതയും ശാരീരിക ക്ഷമതയും വേണ്ട കലാരൂപമാണ്.

സ്ത്രീകളെക്കൂടി ഈ കലാരൂപത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത് കോല്‍ക്കളിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ മാറ്റമാണെന്ന് കോല്‍ക്കളി ആശാനായ ശിവകുമാര്‍ പറഞ്ഞു. മഹാദേവ് ദേശായി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ആദ്യമായി സ്ത്രീകളെ കോല്‍ക്കളിയില്‍ ഉള്‍പ്പെടുത്തിയത്. സ്ത്രീകളെ ഉള്‍പ്പെടുത്തി ഇതു വരെ 40 വേദികളില്‍ കോല്‍ക്കളി അവതരിപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോല്‍ക്കളി സാധാരണഗതിയില്‍ മൂന്നു ഘട്ടങ്ങളായി സമയമെടുത്ത് നടക്കുന്ന പരിപാടിയാണ്. ബിനാലെയ്ക്കായി അത് ഒരു മണിക്കൂറിനുള്ളിലേക്ക് മാറ്റി. ഇത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ശിവകുമാര്‍ പറഞ്ഞു. മന്ദഗതിയില്‍ തുടങ്ങി ദ്രുതഗതിയിലേക്ക് കോല്‍ക്കളി എത്തുകയാണ് പതിവ്. എന്നാല്‍ കളിയുടെ ചിട്ടയില്‍ മാറ്റം വരുത്താതെ ഈ മൂന്നുഘട്ടങ്ങളും അതിവേഗം ചെയ്താണ് കലാകാരന്മാര്‍ ഈ പരിമിതി മറികടക്കുന്നത്. അമ്പത് പേരില്‍ ഒരാളുടെ ഭാഗത്തു നിന്ന് ഒരു പിഴവു പോലും ഉണ്ടായാല്‍ ചരട്കുത്തെന്നറിയപ്പെടുന്ന നെയ്ത്ത് തകരും. അതിനാല്‍ തന്നെ പരിശീലനവും ഏകാഗ്രതയും ഒഴിച്ചു കൂടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ അനുയായി ആയിരുന്ന മഹാദേവ് ദേശായിയുടെ പേരിലുള്ളതാണ് വായനശാല. സാധാരണ ചരട്കുത്തില്‍ നിന്ന് വ്യത്യസ്തമായി ത്രിവര്‍ണ പതാക നെയ്‌തെടുക്കാന്‍ തീരുമാനിച്ചത് നമ്മുടെ ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആദര സൂചകമാണെന്ന് പ്രഭാകരന്‍ ഗുരുക്കള്‍ പറഞ്ഞു. കേരളത്തില്‍ അന്യം നിന്നു പോയ്‌ക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെ പോലെയുള്ള അന്താരാഷ്ട്ര വേദികളില്‍ അവസരം നല്‍കുന്നതിലൂടെ ഇത്തരം കലകളെ ലോകത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY