നടിയെ തട്ടിക്കൊണ്ടുപോകല്‍ : പ്രമുഖ നടനെ ചോദ്യം ചെയ്തു

234

ആലുവ: പ്രമുഖ മലയാളി യുവ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു. നടന്റെ ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം ചോദ്യം ചെയ്തത്. പോലീസ് സംഘമാണ് എത്തിയതെന്ന് അറിയാതിരിക്കാന്‍ ഔദ്യോഗിക വാഹനങ്ങള്‍ പുറത്ത് നിറുത്തി നടന്നാണ് സംഘം വീട്ടിലെത്തിയതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചു. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു ഈ നടന്‍. ഇതൊക്കെ ഒരാള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷനാണെന്ന് ഉപദ്രവിക്കുന്നതിനിടെ പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇതുപ്രകാരമുള്ള അന്വേഷണത്തിലാണ് പോലീസ് നടന്റെ അടുത്ത് എത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍, പള്‍സര്‍ സുനിയെ പിടികിട്ടാതെ കൂടുതല്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാനുമാകില്ല. സുനിയെ പിടികിട്ടി ചോദ്യം ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി നടിക്ക് മലയാളത്തില്‍ അവസരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രസ്തുത നടനാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ നടി ഒരു ഹോട്ടലില്‍ വെച്ച്‌ താന്‍ കാണാനിടയായതും കേള്‍ക്കാനിടയായതുമായ കാര്യങ്ങള്‍ മറ്റൊരു നടിയോട് വെളിപ്പെടുത്തിയതാണ് നടനെ പ്രകോപിപ്പിച്ചതെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ നടിക്ക് പിന്നീട് ഈ നടന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പ്രചരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY