സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില കൂട്ടി

159

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണയ്ക്ക് ഒന്നേമുക്കാൽ രൂപയിലേറെ വില വർദ്ധിപ്പിച്ച് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര സർക്കാർ 25 പൈസ ലിറ്ററിന് വില വ‍ർദ്ധിപ്പിച്ച സാഹചര്യം മുതലെടുത്താണ് സംസ്ഥാനത്ത് ചട്ടങ്ങൾ മറികടന്ന് വില വർദ്ധിപ്പിച്ചതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
നിലവിൽ ലിറ്ററിന് 17 രൂപയിൽ താഴെയായിരുന്ന മണ്ണെണ്ണ വില സംസ്ഥാനത്ത് 18 രൂപയായി ഏകീകരിച്ചാണ് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയത്. ഉത്തരവിലൂടെ ലിറ്ററിന് ഒരു രൂപയും ഒപ്പം അഡ്ജസ്റ്റ്മെന്റ് പ്രൈസായി 80 പൈസയിലേറെയും വർദ്ധിപ്പിച്ചു. ഇതോടെ എറണാകുളം ജില്ലയിൽ ലിറ്ററിന് 1.87 രൂപയും, സംസ്ഥാനത്തുടനീളം ഒന്നേമുക്കാൽ രൂപയോളം മണ്ണെണ്ണയ്ക്ക് വില കൂടും.
പെട്രോളിയം കമ്പനികളുടെ ആവശ്യപ്രകാരം കേന്ദ്രം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25പൈസ പ്രതിമാസം കൂട്ടാനും, പത്ത് മാസത്തിന് ശേഷം പെട്രോളിയം കമ്പനികളുടെ യോഗം എല്ലാ മസവും ചേർന്ന് വില പുനർ നിശ്ചയിക്കാമെന്നും കേന്ദ്രം ഉത്തരവിറക്കിയിരുന്നു.
സംസ്ഥാനത്തിന് കേന്ദ്രം അനുശാസിക്കുന്ന വില വർദ്ധനവേ നടപ്പിലാക്കാവൂ എന്നാണ് ചട്ടമെന്നും അഡ്ജസ്റ്റ്മെന്‍റ് പ്രൈസിംഗ് നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.മണ്ണെണ്ണ വില വർദ്ധനവിനെതിരെ സമരം ആരംഭിക്കുമെന്നും റേഷൻ വ്യാപാരികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY