കൊച്ചി: മലയാളികള്‍ക്ക് ആശങ്കയേകി സൗദിയില്‍ നഴ്‌സിങ് രംഗത്തും നിതാഖാത് വരുന്നു. മറ്റ് മേഖലകളിലെപ്പോലെ നഴ്‌സിങ് രംഗത്ത് നിതാഖാത് സമയപരിധി നിശ്ചയിച്ച് നിയമമായിട്ടില്ലെങ്കിലും സ്വദേശിവത്കരണം പരമാവധി കൂട്ടണമെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സൗദിയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ സ്വദേശി നഴ്‌സുമാരുടെ നിയമനങ്ങള്‍ കൂട്ടിയിട്ടുണ്ട്. നിതാഖാതിനൊപ്പം റിക്രൂട്ട്‌മെന്റ് രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ വന്നതും മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയായി.
മത നിബന്ധനകള്‍ കര്‍ശനമായ സൗദിയില്‍ നഴ്‌സിങ് രംഗത്ത് സ്വദേശി വനിതകള്‍ കടന്നുവരാന്‍ മടിച്ചിരുന്നതാണ് വിദേശികള്‍ക്ക് സഹായകരമായിരുന്നത്. എന്നാല്‍ നിതാഖാതിന്റെ ഭാഗമായി കൊണ്ടുവന്ന പരിശീലന പദ്ധതികളിലൂടെ കൂടുതല്‍ സ്വദേശികള്‍ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വദേശികള്‍ നഴ്‌സിങ് രംഗത്തേക്ക് കടന്നുവരാന്‍ തയ്യാറാകുന്നതോടെ സൗദിയിലെ പല ആസ്പത്രികളിലും അവരെ നിയമിച്ച് കഴിഞ്ഞു.
പുതിയ നിയമനങ്ങളിലെല്ലാം സ്വദേശികള്‍ വരുന്നതോടെ മലയാളികളടക്കമുള്ള നൂറു കണക്കിന് വിദേശികള്‍ക്കാണ് അവസരം നഷ്ടമാകുന്നത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ആസ്പത്രികളില്‍ വിദേശി നഴ്‌സുമാരുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നഴ്‌സിങ് മേഖലയില്‍ യോഗ്യതയുള്ള കൂടുതല്‍ സ്വദേശികളെ ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലും ഇവരുടെ നിയമനാനുപാതം കൂട്ടണമെന്നും മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയിലുണ്ട്.
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളും മലയാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. തട്ടിപ്പ് തടയാന്‍ പുതിയ നിയന്ത്രണങ്ങള്‍ സഹായകരമായിട്ടുണ്ടെങ്കിലും ആവശ്യത്തിന് നഴ്‌സുമാരെ ലഭിക്കാത്ത സാഹചര്യം ഫിലിപ്പൈന്‍സ് ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ മുതലെടുക്കുന്നുണ്ട്. യോഗ്യതയുള്ള മലയാളി നഴ്‌സുമാരെ നിയമിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന പല ആസ്പത്രിക്കാരും ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് അവസരം കൊടുക്കുന്നുണ്ട്.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ക്കായി തുടങ്ങിയ ‘മുസാനിദ്’ സംവിധാനത്തിന്റെ മാതൃകയിലുള്ള പദ്ധതികള്‍ നഴ്‌സിങ് മേഖലയില്‍ നടപ്പാക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ എംബസികളിലും കോണ്‍സുലേറ്റുകളിലും നിലവിലുള്ള മെഡിക്കല്‍ അറ്റാച്ചെ ഓഫീസുകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മെഡിക്കല്‍ അറ്റാച്ചെ ഓഫീസുകള്‍ വഴിയാണ് മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആസ്പത്രികളിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്.
courtesy : mathrubhumi