കേരളം തെരെഞ്ഞെടുപ്പ് ചൂടിലേക്ക്

121

തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലേക്കാണ് സംസ്ഥാനമെത്തുന്നത്. പാലായിലെ വോട്ടെണ്ണുന്നതിനുമുന്നേ മറ്റ് അഞ്ചിടങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നവംബറിനു മുൻമ്പ് തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ഏതുനിമിഷവും പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിച്ചര്‍ച്ചകളും അണിയറയില്‍ നടന്നിരുന്നു.അഞ്ചുജില്ലകളില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനു താത്കാലികമായി മങ്ങലേല്‍പ്പിക്കും. പാലായില്‍ അവസാനഘട്ടത്തില്‍ പോര് രാഷ്ട്രീയമായതിന്റെ തുടര്‍ച്ചയായിരിക്കും ഈ മണ്ഡലങ്ങളില്‍. പാലാരിവട്ടം പാലം അഴിമതി പ്രതിപക്ഷത്തിനെതിരേ ആയുധമാക്കിയപ്പോള്‍ കിഫ്ബിയും വൈദ്യുതപദ്ധതിയും അഴിമതിയുടെ നിഴലില്‍ നിര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ തിരിച്ചടി. ശബരിമലയിലെ നിലപാടുമാറ്റവും പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വീണ്ടും വിചാരണ ചെയ്യപ്പെടും.

വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം സീറ്റുകള്‍ കോണ്‍ഗ്രസിന്റേതും അരൂര്‍ സി.പി.എമ്മിന്റെയും മഞ്ചേശ്വരം മുസ്‌ലിംലീഗിന്റെയും സിറ്റിങ് സീറ്റുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെയെല്ലാം യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്വാധീനഘടകങ്ങള്‍ വേറെയായതിനാല്‍ മുന്‍വിധികള്‍ക്കടിസ്ഥാനമില്ല. പോരാട്ടം കടുത്തതാകും. ത്രികോണപ്പോരിന് വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം
വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരമാകും. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്താണ്. സി.പി.എം. മൂന്നാംസ്ഥാനത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ മഞ്ചേശ്വരം കൈവിട്ടത് 89 വോട്ടിനാണ്. മൂന്നുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലങ്ങളെന്ന നിലയില്‍ സ്ഥാനാര്‍ഥിനിര്‍ണയവും പ്രധാനമാണ്.

വട്ടിയൂര്‍ക്കാവ്: കോണ്‍ഗ്രസില്‍നിന്ന് പത്തോളം പേര്‍ രംഗത്തുണ്ട്. മുന്‍ എം.എല്‍.എ. കെ. മോഹന്‍കുമാര്‍, എന്‍. പീതാംബരക്കുറുപ്പ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ മേജര്‍സെറ്റുമുതല്‍ യൂത്ത് നേതാക്കള്‍വരെ പരിഗണനയിലുണ്ട്. സി.പി.എമ്മില്‍ മേയര്‍ വി.കെ. പ്രശാന്തിന്റെയും വി. ശിവന്‍കുട്ടിയുടെയും കെ.എസ്. സുനില്‍കുമാറിന്റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം. ബി.ജെ.പി.യില്‍ വി.വി. രാജേഷിനെയും എസ്. സുരേഷിനെയുമാണ് പ്രധാനമായും പരിഗണിക്കുന്നത്.

അരൂര്‍: ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ ഇത്തവണ ആരിഫ് ജയിച്ചെങ്കിലും അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനായിരുന്നു മുന്‍തൂക്കം. ഷാനിമോളെത്തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആലോചന കോണ്‍ഗ്രസില്‍ സജീവമാണ്. ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെ പേരും പരിഗണിക്കുന്നു.

ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവിന്റെ പേരിനാണ് സി.പി.എമ്മില്‍ മുന്‍തൂക്കം. പി.പി. ചിത്തരഞ്ജന്‍, മനു സി. പുളിക്കന്‍ എന്നിവരും പരിഗണനയിലുണ്ട്. എറണാകുളം: കെ.വി. തോമസ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ടോണി ചമ്മിണി എന്നിവര്‍ കോണ്‍ഗ്രസില്‍ പരിഗണിക്കപ്പെടുന്നു. ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് തോമസിന്റെ അവകാശവാദത്തിനടിസ്ഥാനം. ഇവിടെ സി.പി.എം. പൊതുസ്വതന്ത്രനെ തേടാനും സാധ്യതയുണ്ട്.

കോന്നി: അടൂര്‍ പ്രകാശിനുകൂടി താത്പര്യമുള്ള റോബിന്‍ പീറ്റര്‍ക്കാണ് കോണ്‍ഗ്രസില്‍ സാധ്യത കൂടുതല്‍. പഴകുളം മധു, ബാബു ജോര്‍ജ് തുടങ്ങിയവരെയും പരിഗണിക്കുന്നു. സി.പി.എം. ജില്ലാ നേതൃത്വത്തില്‍നിന്നാകും സ്ഥാനാര്‍ഥിയെന്നു കരുതുന്നു. മഞ്ചേശ്വരം: ലീഗ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. ബി.ജെ.പി.യില്‍നിന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ പേരിനാണു മുന്‍തൂക്കം. കഴിഞ്ഞതവണ മത്സരിച്ച കെ. സുരേന്ദ്രനും പരിഗണിക്കപ്പെടുന്നു.

NO COMMENTS