കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമന ക്രമക്കേട് കേസിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി

212

കൊച്ചി• കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമന ക്രമക്കേട് കേസിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രത്തില്‍ വ്യക്തതയില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബി.കെമാല്‍ പാഷയുടെ നടപടി. ഏറെ കടമ്ബകള്‍ക്കുശേഷം അന്വേഷണം പൂര്‍ത്തിയാക്കാനായ കേസ് ഇതോടെ വീണ്ടും പ്രതിസന്ധിയിലാകും.നിയമനപരീക്ഷാ ക്രമക്കേടിന്റെ പേരില്‍ വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും അടക്കം ഉന്നതര്‍ പ്രതിയായ കേസിന്റെ കുറ്റപത്രം വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷമാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റാരോപണത്തില്‍ വ്യക്തതയില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ക്രമക്കേടിലൂടെ സര്‍വകലാശാലയില്‍ നിയമനം നേടിയവരെ പ്രതികളോ മാപ്പുസാക്ഷികളോ ആക്കേണ്ടിയിരുന്നു.
എന്നാലിവരെ വെറും സാക്ഷികളാക്കിയാണ് ക്രൈംബ്രാഞ്ച് ചേര്‍ത്തത്. ഇതിനെല്ലാം പുറമെ, ക്രമക്കേടിന്റെ പ്രധാന തെളിവായ ഒ.എം.ആര്‍ ഉത്തരക്കടലാസുകള്‍ക്ക് എന്തു സംഭവിച്ചുവെന്നു കണ്ടെത്താനും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉത്തരക്കടലാസുകള്‍ നശിപ്പിക്കപ്പെട്ടു എന്നാണു പൊതുധാരണ. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തതയില്ല. കുറ്റപത്രം ആദ്യം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ വിചാരണക്കോടതി തന്നെ തിരിച്ചയക്കേണ്ടിയിരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2005 – 2008 കാലത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് അസിസ്റ്റന്റ് നിയമനടപടികള്‍ തുടങ്ങിയത്. സര്‍വകലാശാലയിലെ ഉന്നതര്‍ക്കു പുറമെ സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്ന സിപിഎം നേതാക്കള്‍ എ.എ.റഷീദ്, ബി.എസ്.രാജീവ്, എം.പി.റസല്‍ എന്നിവരും പ്രതികളാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിന് യുഡിഎഫ് ഭരണത്തിലും പ്രതിസന്ധികള്‍ ഏറെയായിരുന്നു. ഒടുവില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ പൂര്‍ത്തിയാക്കിയ അന്വേഷണമാണ് കോടതി ഇടപെടലോടെ വീണ്ടും തുടങ്ങേണ്ടിവരുന്നത്. പന്ത് വീണ്ടും ഇടത് ഗോള്‍പോസ്റ്റിലെത്തുമ്ബോള്‍ കേസിന്റെ ഭാവിയെ സംബന്ധിച്ച്‌ ആശങ്കകള്‍ ഉയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY