കേരള ട്രാവല്‍ മാര്‍ട്ട് 27 മുതല്‍ കൊച്ചിയില്‍

229

തിരുവനന്തപുരം• 5000 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടു കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാം എഡിഷന്‍ 27 മുതല്‍ 30 വരെ കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ട്രാവല്‍ മാര്‍ട്ടില്‍ 57 വിദേശരാജ്യങ്ങളില്‍ നിന്നായി 557 ടൂര്‍ കമ്ബനി പ്രതിനിധികളും ഇന്ത്യയില്‍ നിന്ന് 1379 ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കും.ഉത്തരവാദിത്ത ടൂറിസം, മുസിരിസ് സ്പൈസ് റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിന്റെ പ്രമേയങ്ങളെന്നു മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള 265 സംരംഭകരാണു ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുക. ഉത്തരവാദിത്ത ടൂറിസം പദ്ധതികളും ഇതിലുള്‍പ്പെടും.
ജപ്പാന്‍, ചൈന, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതാദ്യമായാണു കേരള ട്രാവല്‍ മാര്‍ട്ടിലെത്തുന്നത്.തമിഴ്നാട്, കര്‍ണാടക ടൂറിസം വകുപ്പുകളും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കും. കേന്ദ്ര ടൂറിസം വകുപ്പിന്റെയും കേരളത്തിലെ ടൂറിസം സംരംഭകരുടെയും സഹകരണത്തോടെയാണു ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ ടൂറിസം വളര്‍ച്ചാനിരക്കിലെ കുറവ് പരിഹരിക്കാനാവശ്യമായ നടപടികള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, വ്യോമഗതാഗത സൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം മദ്യനിയന്ത്രണവും ടൂറിസം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ടതു ടൂറിസം വകുപ്പല്ല; ഇടതുമുന്നണിയും സര്‍ക്കാരുമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ള ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു പ്രഫഷനലുകളെ നിയമിക്കും. ഓണം കഴിഞ്ഞാല്‍ പുനഃസംഘടനയുണ്ടാകും. സെക്രട്ടറിമാര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡയറക്ടര്‍ യു.വി. ജോസ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, മുന്‍ പ്രസിഡന്റ് ഇ.എം. നജീബ്, സെക്രട്ടറി ജോസ് മാത്യു, ബേബി മാത്യു സോമതീരം, ജോസ് പ്രദീപ് എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY