കെ ടി എം ഇന്ന് സമാപിക്കും, പ്രവേശനം പൊതുജനങ്ങള്‍ക്കും

208

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് (വെള്ളിയാഴ്ച) സമാപിക്കും. 28ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കെ ടി എമ്മിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും ബിസിനസ് മീറ്റിംഗുകളായിരുന്നു. ഇന്ന് പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. മുസിരിസ് പൈതൃക പദ്ധതിയും സ്‌പൈസ് റൂട്ടും മുഖ്യപ്രമേയമായെടുത്ത ഇക്കൊല്ലത്തെ മേളയില്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള 560 വിദേശ പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1400 പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ഉത്തരവാദിത്ത ടൂറിസവും പരിസ്ഥിതി സൗഹൃദ പ്രമേയങ്ങളും സ്വീകരിച്ച നിരവധി സ്റ്റാളുകളാണ് മേളയിലുള്ളത്. ഇവ കാണുന്നതിനും സംരംഭകരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും.