സ്‌പൈസ് റൂട്ട് ടൂറിസം രണ്ടാംഘട്ടം: 31 രാജ്യങ്ങള്‍ ഡല്‍ഹിയില്‍ സമ്മേളിക്കുന്നു

168

കൊച്ചി: ചിര പുരാതനമായ സുഗന്ധ വ്യഞ്ജന പാതയിലൂടെ കേരളവുമായി നടത്തിവന്നിരുന്ന വ്യാപാരത്തെക്കുറിച്ചുള്ള വിജ്ഞാന വിനിമയത്തിനായി 31 രാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ ഡല്‍ഹിയില്‍ സമ്മേളിക്കും. മുസിരിസ് പൈതൃക പദ്ധതിക്കുവേണ്ടിയാണ് യോഗം നടത്തുന്നതെന്ന് പദ്ധതിയുടെ ഉപജ്ഞാതാക്കളിലൊരാളായ ബെന്നി കുര്യാക്കോസ് കേരള ട്രാവല്‍ മാര്‍ട്ടില്‍ അറിയിച്ചു. ഈ വ്യപാരവഴിയെക്കുറിച്ചുള്ള ഭൂപടങ്ങള്‍, വിവരണങ്ങള്‍, പെയ്ന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവ യൂറോപ്പിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളിലുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുസിരിസ് പദ്ധതിക്കുവേണ്ടി കൈമാറേണ്ടതുണ്ടെന്നും കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രൂപത്തിലുള്ള വിജ്ഞാന വിനിമയത്തിന് ഇതിനോടകം ലോകത്തിലെ മൂന്ന് പ്രമുഖ സര്‍വകലാശാലകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ബെന്നി വ്യക്തമാക്കി. ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൈതൃക സംരക്ഷണ പദ്ധതിയെന്ന നിലയില്‍ മുസിരിസ് പദ്ധതി ആരാധനാലയങ്ങള്‍, പുരാതന വ്യാപാരകേന്ദ്രങ്ങള്‍, ഇതര കെട്ടിടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം, മ്യൂസിയ നിര്‍മാണം, സാമൂഹ്യജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സുസ്ഥിരത എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രദേശത്ത് മാരിടൈം മ്യൂസിയം നിര്‍മിക്കുമെന്നും വിനോദസഞ്ചാരികളുടെ മാത്രമല്ല നാട്ടുകാരുടെയും വിനോദ സഞ്ചാരപാതയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായി ഇത് മാറുമെന്നും ബെന്നി ചൂണ്ടിക്കാട്ടി.ഇന്നത്തെ കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ പെരിയാറിന്റെ തീരത്ത് നിലനിന്നിരുന്ന പുരാതന വാണിജ്യ തുറമുഖമാണ് മുസിരിസ്. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തില്‍ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന ഈ തുറമുഖത്തെക്കുറിച്ച് ഗ്രീക്ക്, റോമന്‍ പുരാരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജൂത, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ ആദ്യ കേന്ദ്രവും കൂടിയായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ടാണ് മുസിരിസ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 27 മ്യൂസിയങ്ങളില്‍ ഏഴെണ്ണം ഇതിനോടകം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടെന്ന് ബെന്നി കുര്യാക്കോസ് പറഞ്ഞു. ഇവ പഴയ വീടുകളില്‍ സജ്ജീകരിച്ചിട്ടുള്ള സമൂഹ മ്യൂസിയങ്ങളാണ്. 200 കോടി രൂപ മുടക്കി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലഗതാഗത സംവിധാനങ്ങളേര്‍പ്പെടുത്താനും 30,000 പരമ്പരാഗത കൈത്തൊഴിലാളികള്‍ക്ക് ഉപജീവനമുണ്ടാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം പൈതൃകത്തെക്കുറിച്ച് മുസിരിസ് പദ്ധതി നാട്ടുകാരില്‍ അഭിമാനം വളര്‍ത്തിയിട്ടുണ്ടെന്ന് കെ.ടി.എം സൊസൈറ്റി മുന്‍ പ്രസിഡന്റ് ഇ.എം.നജീബ് പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം മൂവായിരം വര്‍ഷത്തെ നമുക്ക് കൈമോശം വന്ന ചരിത്രത്തിലേക്ക് വഴിതെളിക്കുന്നതാണ് മുസിരിസ് പദ്ധതിയെന്ന് കലാനിരൂപക അദിതി ആനന്ദ് ചൂണ്ടിക്കാട്ടി. കൊല്ലത്ത് രൂപം കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പ പദ്ധതിയായ ജടായു എര്‍ത്ത് സെന്ററിനെക്കുറിച്ചും അതിനോടനുബന്ധിച്ചുള്ള സാഹസിക വിനോദ കേന്ദ്രത്തെക്കുറിച്ചും ഹോട്ടല്‍ വ്യവസായിയായ അജിത് കുമാര്‍ പ്രത്യേക വിവരണം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് മഹാരാജ് വാഹിയും സെമിനാറില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY