ടൂറിസം വളര്‍ച്ചയില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ പുകഴ്ത്തി കെടിഎം സെമിനാര്‍

237

കൊച്ചി: കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും സംസ്ഥാനത്തിന്റെ ടൂറിസം മാര്‍ഗരേഖ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും ഒന്‍പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍, ടൂറിസം മേഖലയിലെ അനുഭവസമ്പന്നര്‍ പങ്കാളികളായ സെമിനാര്‍ ശ്രദ്ധേയമായി. ‘ലക്ഷ്യസ്ഥാനമായി വളരുന്ന കേരളം, ബയര്‍മാരുടെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ദീര്‍ഘകാലം കേരളത്തെ അടുത്തറിഞ്ഞ സഞ്ചാരികള്‍ ഒഴിവാക്കാനാവാത്ത വിനോദ സഞ്ചാരകേന്ദ്രമായുള്ള കേരളത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി.
ഭക്ഷണവൈവിധ്യമാണ് കേരളത്തിന്റെ ശക്തിയെന്ന് കനേഡിയന്‍ ട്രാവല്‍ സ്ഥാപനമായ കാല്‍ഗറി ഫുഡ്‌സില്‍നിന്നുള്ള കാരെന്‍ ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. തനതു വിഭവങ്ങള്‍ തന്നെയാണ് കേരളത്തിന്റെ ഏറ്റവും മികച്ച ടൂറിസം അംബാസഡര്‍മാര്‍. കേരളത്തിലേതു പോലെ സുഗന്ധവ്യഞ്ജന വൈവിധ്യങ്ങള്‍ അപൂര്‍വം പ്രദേശങ്ങളിലേ കാണാനാവൂ എന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.സഞ്ചാരകേന്ദ്രങ്ങളുടെ മാസ്മരികതയും മനോഹാരിതയും നിലനിര്‍ത്തുന്നതിലും വൈവിധ്യത്തിനുവേണ്ടി പരിശ്രമിക്കുന്നതിലും കേരള ടൂറിസം കാട്ടുന്ന മികവ് പ്രശംസനീയമാണെന്ന് സെമിനാറില്‍ പങ്കാളിയായ, ആഭ്യന്തര ടൂറിസം വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപ് ദയാല്‍ പറഞ്ഞു. ടൂറിസം വിപണിയില്‍ വന്‍മുന്നേറ്റം നടത്തുന്ന കേരളത്തിന് പൈതൃക ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുണ്ടെന്നും ഫോര്‍ട്ടി കൊച്ചിയെ പരാമര്‍ശിച്ച് സന്ദീപ് പറഞ്ഞു. നാലു ദശകം മുന്‍പ് ആദ്യമായി ഇവിടം സന്ദര്‍ശിച്ച തന്നെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നുവെന്ന് ഫ്രഞ്ച് ടൂര്‍ ഓപറേറ്റര്‍ സ്ഥാപനത്തില്‍നിന്നുള്ള ഗിലെസ് ഗിലറ്റ് പറഞ്ഞു. കലയെയും യാത്രയെയും തമ്മില്‍ ബന്ധിതമാക്കുന്ന കൊച്ചി മുസിരിസ് ബിനാലെ-മുസിരിസ് സ്‌പൈസ് റൂട്ട് പോലെയുള്ള സംരംഭങ്ങള്‍ കേരളം ശരിയായ ദിശയില്‍ നീങ്ങുന്നതിന്റെ സൂചനയാണെന്നും ഗിലറ്റ് പറഞ്ഞു.മഹത്തായ ആയുര്‍വേദ പാരമ്പര്യത്തെ കേരളം മുന്നോട്ടു കൊണ്ടുപോകുന്നത് സമര്‍ഥമായ രീതിയിലാണെന്നും കേരളത്തിലെ സുഖചികില്‍സാ സമ്പ്രദായങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ടെന്നും ബ്രിട്ടന്‍ ആസ്ഥാനമായ ട്രാവല്‍ ഏജന്‍സിയില്‍നിന്നു വന്ന അമൃത് സിങ് ചൂണ്ടിക്കാട്ടി.ടൂര്‍ ഓപ്പറേറ്റര്‍മാരായ എസ്. കൃഷ്ണന്‍, സിയ സിദ്ദിഖി എന്നിവരും സെമിനാറില്‍ പങ്കാളികളായിരുന്നു. കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്റ് റിയാസ് അഹമ്മദ് മോഡറേറ്റയായി. വെല്ലിങ്ടണ്‍ ദ്വീപിലെ സാമുദ്രിക-സാഗര കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെടിഎം-2016 വെള്ളിയാഴ്ച സമാപിക്കും.

NO COMMENTS

LEAVE A REPLY