സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സിഡ്‌നിയിലും മെല്‍ബണിലും കേരള ടൂറിസത്തിന്‍റെ റോഡ് ഷോ

224

തിരുവനന്തപുരം: ഓസ്‌ട്രേലിയയില്‍നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി പ്രധാന ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോ. കേരളത്തിന്റെ ടൂറിസം വിപണികളില്‍ ലോകത്ത് ആറാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയില്‍നിന്ന് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെല്‍ബണ്‍, സിഡ്‌നി എന്നീ സുപ്രധാന ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ടൂറിസം സീസണിന് നവംബറില്‍ ഔപചാരിക തുടക്കമാകുന്നതിനു മുന്നോടിയായാണ് ഓസ്‌ട്രേലിയയില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തിയത്.

കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം 35,244 സഞ്ചാരികള്‍ എത്തിയ ഓസ്‌ട്രേലിയയില്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന റോഡ് ഷോയില്‍ ഓസ്‌ട്രേലിയന്‍ ടൂറിസം മേഖലയിലെ എഴുപതോളം സംരംഭകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ പുതിയതും പരമ്പരാഗതവുമായ ടൂറിസം വിഭവങ്ങളില്‍ ഇവര്‍ അതീവ താല്‍പര്യവും പ്രകടിപ്പിച്ചു.

ഓസ്‌ട്രേലിയന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും കേരളത്തിലേക്കു വരാനുള്ള ഓസ്‌ട്രേലിയക്കാരുടെ താല്‍പര്യം മനസ്സിലാക്കി സര്‍ക്കാരും ടൂറിസം സംരംഭകരും ഈ വിപണിയെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ടൂറിസം മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ പറഞ്ഞു. റോഡ് ഷോയില്‍ പ്രദര്‍ശിപ്പിച്ച കാഴ്ചകളിലൂടെ കൂടുതല്‍ ടൂറിസം സംയുക്ത സംരംഭങ്ങള്‍ വളര്‍ത്താനും കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ലക്ഷ്യമിടുന്നു. ടൂറിസം വളര്‍ച്ചയ്ക്കായുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ സംയുക്ത സംരംഭങ്ങള്‍ ലക്ഷ്യമിട്ടുള്ള ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകള്‍ക്കു പുറമേ കേരളത്തിലെ ടൂറിസ്റ്റ് വൈവിധ്യം വ്യക്തമാക്കുന്ന അവതരണങ്ങളും റോഡ് ഷോയുടെ ഭാഗമായി നടന്നു. കേരളത്തിന്റെ കായലോരങ്ങളും അവാച്യസൗന്ദര്യം വരച്ചുകാട്ടുന്ന ദ് ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് എന്ന പ്രചാരണ ചിത്രവും പ്രദര്‍ശിപ്പിച്ചു.

വിമാനസര്‍വീസുകളിലുണ്ടായ വളര്‍ച്ച ഏഷ്യ-പസഫിക് മേഖലയും കേരളവും തമ്മിലുള്ള യാത്ര അനായാസമാക്കിയതോടെ കൂടുതല്‍ യാത്രികര്‍ കേരളത്തിലേക്കെത്താനുള്ള സാഹചര്യമുണ്ടെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. പുതിയ ടൂറിസം വിഭവങ്ങള്‍ കേന്ദ്രീകരിച്ച് നമ്മുടെ ടൂറിസം സമ്പത്തിന്റെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിലൂടെ സഞ്ചാരതാല്‍പര്യം നിലനിര്‍ത്താനും കഴിയുമെന്ന് ഡോ. വേണു പറഞ്ഞു.

ആശയവിനിമയ വേളകളിലെ പരിപാടികള്‍ക്കു പുറമേ ഒരാഴ്ച നീളുന്ന കേരള സന്ദര്‍ശനം സമ്മാനമായി നല്‍കുന്ന ഗോ കേരള മല്‍സരങ്ങളും രണ്ടു നഗരങ്ങളിലും നടന്നു. പ്രചാരണ പരിപാടിയുടെ എയര്‍ലൈന്‍സ് പാര്‍ട്‌നറായ സില്‍ക്ക് എയര്‍ ആണ് മല്‍സര വിജയികള്‍ക്ക് ഓസ്‌ട്രേലിയയില്‍നിന്ന് കേരളത്തിലേക്ക് സൗജന്യയാത്രയൊരുക്കുന്നത്.

കേരളത്തിലെ കാഴ്ചകളുടെ ഹ്രസ്വരൂപം ആള്‍ക്കാരിലേക്കെത്തിക്കാനും കാണാനിരിക്കുന്ന കാഴ്ചകളില്‍ ആവേശം സൃഷ്ടിക്കാനും റോഡ് ഷോയ്ക്കു കഴിഞ്ഞതായി ടൂറിസം ഡയറക്ടര്‍ ശ്രീ യു. വി. ജോസ് പറഞ്ഞു. റോഡ് ഷോ ഓസ്‌ട്രേലിയന്‍ ടൂറിസം വിപണിയില്‍ അത്യുല്‍സാഹമാണ് സൃഷ്ടിച്ചത്. നമ്മുടെ സെല്ലര്‍മാരും അവിടുത്തെ ബയര്‍മാരും തമ്മില്‍ ഒട്ടേറെ വിജയകരമായ ബിസിനസ് മീറ്റിങ്ങുകളും നടന്നു. ഈ ബിസിനസ് സമ്മേളനങ്ങള്‍ കേരളത്തിലേക്കു കൂടുതല്‍ ഓസ്‌ട്രേലിയന്‍ യാത്രകള്‍ക്കു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വിപണന മേഖലയിലെ 12 പ്രമുഖ സംരംഭകരുള്‍പ്പെട്ട കേരള സംഘത്തെ ടൂറിസം ഡയറക്ടര്‍ ശ്രീ.യു.വി. ജോസ് ആണു നയിച്ചത്. അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, സിജിഎച്ച് എര്‍ത്ത്, ചാലുക്യ ഗ്രേസ് ടൂര്‍സ്, ഡിസ്‌കവര്‍ കേരള ഹോളിഡേയ്‌സ്, ഈസ്റ്റെന്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കുമരകം ലേക്ക് റിസോര്‍ട്ട്, മാര്‍വല്‍ ടൂര്‍സ്, പയനിയര്‍ പേഴ്‌സനലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ് റൂട്ട്‌സ് എന്നിവയാണ് കേരള സംഘത്തിലുണ്ടായിരുന്നത്.

റോഡ് ഷോയില്‍ മുഖ്യാതിഥികളായെത്തിയ ഇന്ത്യന്‍ കോണ്‍സുല്‍ ശ്രീ. രാകേഷ് മല്‍ഹോത്ര മെല്‍ബണിലും ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ. വിനോദ് ബഹാഡെ സിഡ്‌നിയിലും പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY