പരീക്ഷകളിലെ വിജയത്തോടൊപ്പം ജീവിത വിജയവും വിദ്യാർത്ഥികൾ ലക്ഷ്യമാക്കണം – മന്ത്രി സി.രവീന്ദ്രനാഥ്

315

കൊച്ചി: പരീക്ഷകളിലെ വിജയത്തോടൊപ്പം തന്നെ ജീവിത വിജയം നേടലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കൊച്ചി നഗരസഭ പരിധിയിലുള്ള സർക്കാർ -എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽസിക്കും പ്ലസ് ടുവിനും നൂറു മേനി വിജയം കൈവരിച്ച സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ അന്വേഷണ ഭാവത്തെ വളർത്തിയെടുക്കണം. വിദ്യാഭ്യാസം ഒരു ദർശനമാണ്. ശാസത്ര ബോധവും ലാവണ്യബോധവും ഒന്നിച്ച് ചേരുമ്പോഴാണ് നല്ല ഗവേഷകരും അധ്യാപകരും എഞ്ചിനിയറും ഡോക്ടറുമെല്ലാമുണ്ടാകുന്നത്. ആധുനീകതയും ജനകീയതയും ഒന്നിച്ച് ചേരുന്ന വിദ്യാഭ്യാസ രീതിയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്നത്. വളരെ അപൂർവ്വം രാജ്യങ്ങളിലാണ് ഈ വിദ്യാഭ്യാസ രീതി പിൻതുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അവാർഡ് ദാനച്ചടങ്ങുകൾ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നുവെന്നതിനും അവർ പ്രയത്നിക്കുന്നു വെന്നതിനുമുള്ള തെളിവാണ് എ പ്ലസ് നേടുന്നവരുടെ എണ്ണത്തിലെ വർധനയെന്ന് ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ മേയർ സൗമിനി ജെയിൻ പറഞ്ഞു.

വിദ്യാഭ്യാസ- കായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പൂർണ്ണിമ നാരായണൻ വിഷയാവതരണം നടത്തി.

എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിച്ച 30 സ്കൂളുകൾക്കും പ്ലസ് ടുവിന് 100 ശതമാനം നേടിയ ഒരു സ്കൂളിനും വേദിയിൽ അവാർഡ് നൽകി. എസ്.എസ്.എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 332 വിദ്യാർത്ഥികളെയും പ്ലസ് ടുവിന് മികച്ച വിജയം നേടിയ 202 വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ തുടർ സാക്ഷരതയിൽ ഉന്നത വിജയം നേടിയരെയും ആദരിച്ചു.

ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, കൗൺസിലർ കെ.ജെ.ആന്റണി, സുധ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS