സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ യുവതിക്കു നേര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്‍റെ പീഡനശ്രമം

196

തിരുവനന്തപുരം: വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ യുവതിക്കു നേര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്‍റെ പീഡനശ്രമം. കൊല്ലം ജില്ലയില്‍ രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്‍റെ അവസാനദിവസമാണു സമ്മേളനവേദിയുടെ ഇടനാഴിയില്‍ വച്ചു പട്ടാപ്പകല്‍ പീഡനശ്രമമുണ്ടായത്.
അസി. കമ്മിഷണര്‍ പദവിയുള്ള ഉദ്യോഗസ്ഥന്‍ അവതാരകയെ കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പോലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്‍റെ അടുത്തെത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് എസ്.പി. പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനഹാളില്‍നിന്ന് ഇറക്കിവിട്ടു.

വിഷയം കൈയോടെ ഡി.ജി.പിയെ ധരിപ്പിച്ചു. അവതാരകയുടെ പരാതി എത്തും മുന്പുതന്നെ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ ദക്ഷിണ മേഖലാ ഐ.ജി. മനോജ് ഏബ്രഹാമിനോടു നിര്‍ദേശിച്ചു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നു പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആഗോളസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രശംസ നേടിയിരുന്നു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയന്‍. സമ്മേളനഹാളിലുണ്ടായിരുന്ന വിദേശ പ്രതിനിധികള്‍ പീഡനശ്രമമറിഞ്ഞു സ്തബ്ധരായി.
അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് ഇന്നു കൈമാറിയേക്കും. ആരോപണവിധേയനായ എ.സി.പിയെ സസ്പെന്‍ഡ് ചെയ്യണമെന്ന നിലപാടാണ് ഐ.ജി. മനോജ് ഏബ്രഹാമിന്‍റേത്.

NO COMMENTS

LEAVE A REPLY