മെഡിക്കല്‍ പ്രവേശനം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജെയിംസ് കമ്മിറ്റി

190

കൊച്ചി: നീറ്റ് റാങ്ക് പട്ടികയില്‍നിന്നു മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ പ്രവേശനം പാടുള്ളൂവെന്ന് മാനേജ്മെന്‍റുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചു.
റാങ്ക് പട്ടിക മറികടന്നതിലൂടെ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കാന്‍ നിര്‍ദേശിച്ചതായും ജെയിംസ് കമ്മിറ്റിയുടെ അഭിഭാഷക വ്യക്തമാക്കി. അപേക്ഷകളില്‍ അപാകത ചൂണ്ടിക്കാട്ടി തൊടുപുഴ അല്‍ അസ്ഹര്‍, പറവൂര്‍ ശ്രീനാരായണ കോളജുകള്‍ പ്രവേശനം നിഷേധിച്ചെന്നു പരാതിപ്പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.നീറ്റ് റാങ്ക് പട്ടിക പ്രകാരം പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നിരസിച്ച 355 അപേക്ഷകര്‍ക്ക് പിഴവു തിരുത്താന്‍ സാവകാശം നല്‍കണമെന്നു തൊടുപുഴ അല്‍ അസ്ഹര്‍ കോളജിനു നിര്‍ദേശം നല്‍കിയതായി ജെയിംസ് കമ്മിറ്റി വിശദീകരിച്ചു. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തിയതെന്ന് മാനേജ്മെന്‍റുകള്‍ ചൂണ്ടിക്കാട്ടി. വിശദമായ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആശ്രിതരുടെ മക്കള്‍ക്ക് 35% സീറ്റുകളില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട പാലക്കാട് കരുണ മെഡിക്കല്‍ കോളജിന്‍റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു.

NO COMMENTS

LEAVE A REPLY