ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം

173

ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകളില്‍ നിന്നുണ്ടാകുന്ന പ്രധാന ഉത്തരവുകളും അതിനുള്ളിലെ പരാമ‍ര്‍ശങ്ങളും വിശദാംശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പതിവായി ശേഖരിച്ചിരുന്നത് ജഡ്ജിമാരുടെ ചേംബര്‍ ഓഫിസില്‍ നിന്നായിരുന്നു. ഇത്തരം ചേംബറുകളോട് ചേര്‍ന്നുള്ള സ്റ്റെനോ പൂളിലായിരുന്നു ഉത്തരവുകളുടെ പകര്‍പ്പുകള്‍ ടൈപ്പ് ചെയ്ത് നല്‍കിയിരുന്നത്. ചില ന്യായാധിപന്‍മാര്‍ തന്നെയാണ് ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ചേംബറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ഭാഗത്തേക്കുളള നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉത്തരവ് നേരിട്ട് പരിശോധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരമാണ് ഇല്ലാതായത്. ജ‍ഡ്ജിമാരുടെ ചേംബറിലേക്കും സ്റ്റെനോ പൂളിലേക്കും ഇനി ചെല്ലേണ്ടതില്ലെന്നാണ് പബ്ലിക്ക് റിലേഷന്‍ ഓഫീസില്‍ നിന്ന് അറിയിച്ചത്. ഇതിനുപകരം ഉത്തരവുകളിലെ വിശദാംശങ്ങള്‍ ലേഖകര്‍ക്ക് എങ്ങിനെ ലഭ്യമാക്കുമെന്നത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തത വരുത്തിയിട്ടില്ല.
കേരള ഹൈക്കോടതി പരിസരങ്ങളില്‍ പ്രകടനങ്ങളും സംഘം ചേരലും നിരോധിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ പബ്ലിക്ക് റിലേഷന്‍ ഓഫീസില്‍ നിന്ന് ഇ-മെയില്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കിയത്. ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടിയതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി. അതേസമയം വര്‍ഷങ്ങളായി നിര്‍ജീവമായിരുന്ന ഹൈക്കോടതിയിലെ മാധ്യമബന്ധ കമ്മിറ്റിയും ഇന്നലെ പുനസംഘടിപ്പിച്ചു.

NO COMMENTS

LEAVE A REPLY