വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

143

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഡയറക്ടറെ നിലനിര്‍ത്തി എങ്ങിനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ആരാഞ്ഞു. ജിഷ കേസിലും കോടതി വിജിലന്‍സിനെ വിമര്‍ശിച്ചു. കേസ് അന്വേഷണത്തില്‍ വിജിലന്‍സിന് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വീണ്ടും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ തിരിഞ്ഞത്. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം, ബാര്‍ കോഴക്കേസ് എന്നീ കേസുകളിലും തുടര്‍ച്ചയായി വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചായിരുന്നു വിജിലന്‍സിനെതിരായ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. കോടതി രാഷ്ട്രീയം കളിക്കാനുളള വേദിയല്ലെന്നും സര്‍ക്കാര്‍ മാറുന്നത് അനുസരിച്ച്‌ വിജിലന്‍സിന്റെ നിലപാടും മാറുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന വിജിലന്‍സ് നടപടി ശരിയല്ലെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY